സെന്‍റ് ലൂസിയ: സൂപ്പർ എട്ടിൽ ആസ്ട്രേലിയൻ ബൗളർമാരെ അനായാസം അടിച്ചുപറത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഒറ്റദിനം സ്വന്തമാക്കിയത് രണ്ട് ലോക റെക്കോഡുകൾ. മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ് ഉൾപ്പെടെയുള്ള പേരുകേട്ട ഓസീസ് ബൗളർമാരെ എട്ടു തവണയാണ് ഹിറ്റ്മാൻ ഗാലറിലേക്ക് പറത്തിയത്. ഏഴു ബൗണ്ടറികളും നേടിയ താരം 41 പന്തിൽ 92 റൺസെടുത്താണ് പുറത്തായത്.
മത്സരത്തിൽ താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 224.39 ആണ്. ട്രാവിസ് ഹെഡ്ഡിന്‍റെ ഭീഷണി മറികടന്ന ഇന്ത്യ 24 റൺസിന്‍റെ ജയവുമായി ആധികാരികമായി തന്നെ സെമിയിലെത്തി. തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത രോഹിത് ട്വന്‍റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 സിക്സുകൾ നേടുന്ന ആദ്യ താരമായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമായി. ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും രോഹിത് സ്വന്തം പേരിലാക്കി. 4165 റൺസാണ് താരത്തിന്‍റെ പേരിലുള്ളത്. പാകിസ്താൻ നായകൻ ബാബർ അസം (4145), വിരാട് കോഹ്ലി (4103) എന്നിവരെയാണ് താരം മറികടന്നത്.
ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരം കൂടിയായി രോഹിത്. ആസട്രേലിയക്കെതിരെ ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി 132 സിക്സുകളാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരെ 130 സിക്സുകൾ നേടിയ വെസ്റ്റിൻഡീസ് മുൻ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലിനെയാണ് താരം പിന്നിലാക്കിയത്. പട്ടികയിൽ മൂന്നാമതും ഹിറ്റ്മാൻ തന്നെയാണ്. വിൻഡീസിനെതിരെ 88 സിക്സുകൾ.
ട്വന്‍റി20യിൽ അതിവേഗം അർധ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ്. ഓസീസിനെതിരെ 19 പന്തിലാണ് താരം 50 പൂർത്തിയാക്കിയത്. 2007ൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ അർധ സെഞ്ച്വറി തികച്ച മുൻ ഓൾ റൗണ്ടർ യുവരാജ് സിങ്ങാണ് ഒന്നാമത്. ട്വന്‍റി20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ് രോഹിത് ഓസീസിനെതിരെ നേടിയത്. 2010 ലോകകപ്പിൽ മുൻ ബാറ്റർ സുരേഷ് റെയ്ന നേടിയ 101 റൺസാണ് ഇന്ത്യൻ താരത്തിന്‍റെ ഉയർന്ന വ്യക്തിഗത സ്കോർ. ഈമാസം 27ന് നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.