ഋതുരാജ് ഗെയ്‌ക്‌വാദ് വിവാഹിതനാകുന്നു; വധുവും ക്രിക്കറ്റ് താരം

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ഓപണിങ് ബാറ്റർ ഋതുരാജ് ഗെയ്‌ക്‌വാദ് വിവാഹിതനാകുന്നു. മഹാരാഷ്ട്ര വനിത ക്രിക്കറ്റ് താരമായ ഉത്കർഷ പവാറാണ് പ്രതിശ്രുത വധു. പുണെ സ്വദേശിയായ ഇരുപത്തിനാലുകാരി, വലംകൈയൻ ബാറ്ററും പേസറുമാണ്. നിലവിൽ പുണെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ആൻഡ് ഫിറ്റ്നസ് സയൻസസിൽ (ഐ.എൻ.എഫ്.എസ്) വിദ്യാർഥിനിയാണ്.

ഐ.പി.എൽ ഫൈനലിന് ശേഷം, ചെന്നൈ താരങ്ങൾ കുടുംബത്തോടൊപ്പം ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. ഇതിനിടെ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം നിൽക്കുന്ന പെൺകുട്ടി ആരാണെന്ന് അന്വേഷിച്ച് ആരാധകർ സമൂഹ മാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു. ‘എന്റെ ജീവിതത്തിലെ വി.വി.ഐ.പികൾ’ എന്ന കുറിപ്പോടെ പ്രതിശ്രുത വധുവിനും ക്യാപ്റ്റൻ എം.എസ്. ധോണിക്കും ഒപ്പമുള്ള ചിത്രവും ഗെയ്ക്‌വാദ് പങ്കുവെച്ചിരുന്നു.

ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഗെയ്‌ക്‌വാദിനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ് ബൈ ഓപണറായി ഉൾപ്പെടെത്തിയിരുന്നു. എന്നാൽ, ജൂൺ മൂന്നിന് വിവാഹിതനാകുന്നതിനാൽ ടീമിനൊപ്പം ചേരാൻ കഴിയില്ലെന്ന് താരം അറിയിച്ചതിനാൽ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളിനെ പകരക്കാരനായി ടീമിലുൾപ്പെടുത്തി. ജൂൺ ഏഴ് മുതൽ 12 വരെ ലണ്ടനിലെ ഓവലിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ നടക്കുന്നത്. ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.

പുണെ സ്വദേശിയായ ഋതുരാജ് ഗെയ്‌ക്‌വാദ് സീസണിൽ ചെന്നൈക്കായി 590 റൺസാണ് അടിച്ചെടുത്തത്. ചെന്നൈ ഐ.പി.എൽ കിരീടം നേടിയ 2021ൽ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് ഗെയ്‌ക്‌വാദായിരുന്നു. നിലവിൽ മഹാരാഷ്ട്ര പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. ഇരുപത്തിയേഴുകാരനായ ഗെയ്‌ക്‌വാദും ഉത്‌കർഷയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു.  

Tags:    
News Summary - Ruturaj Gaikwad Gets Married; The bride is also a cricketer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.