മുംബൈ: 'എന്തുമാത്രം ആേവശകരമായ പരമ്പരയായിരുന്നു ഇത്. ഓരോ ടീമംഗവും ഈ വിജയത്തിന്‍റെ ക്രെഡിറ്റ് അർഹിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മഹത്തായ പരമ്പര ജയമാണിതെന്നാണ് എന്‍റെ അഭിപ്രായം. മറക്കാൻ കഴിയില്ല ഈ സുദിനം...'ലോക ക്രിക്കറ്റ് കണ്ട ബാറ്റിങ് മഹാരഥൻ സചിൻ ടെണ്ടുൽക്കറിന് ഇളമുറക്കാരുടെ ചങ്കുറപ്പിനെയും അവർ വെട്ടിപ്പിടിച്ച ചരിത്ര വിജയത്തെയും എത്ര വാഴ്ത്തിയിട്ടും മതിയാകുന്നില്ല. വിജയത്തിനു പിന്നാെല ടീമിനെ അഭിനന്ദിച്ചും സന്തോഷം പങ്കുവെച്ചും ട്വീറ്റ് ചെയ്ത സചിൻ, രാത്രിയോടെ പ്രത്യേക വിഡിേയായിൽ വീണ്ടും വാഴ്ത്തുമൊഴികളുമായി രംഗത്തുവന്നു. ഏറെ വികാരഭരിതനായാണ് വിഡിയോയിൽ ടീമിന്‍റെ പ്രകടനത്തെ സചിൻ പ്രകീർത്തിച്ചത്.
'ആദ്യ ടെസ്റ്റ് മത്സരത്തിൽ കേവലം 36 റൺസിന് ഓൾഔട്ടായ ഇന്ത്യൻ ടീം ഈ പരമ്പര ജയിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ഒരുപാടു പരിക്കിന്‍റെ നടുവിലായിരുന്നു ടീം. അതൊന്നും അവരെ തടഞ്ഞില്ല. ഓരോ തിരിച്ചടിയുണ്ടാകുേമ്പാഴും ആരെങ്കിലും നെഞ്ചുറപ്പോടെ ഉയർന്നുനിന്നു, വിട്ടുകൊടുക്കാതെ പോരാടുകയും ചെയ്തു. ക്ഷതം പറ്റുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടും ഒരാളുടെേപാലും മനസ്സുമടുത്തില്ല. അവിശ്വസനീയമായിരുന്നു ആ പോരാട്ടം. ഞാൻ പുർണമായും അതാസ്വദിച്ചു.
ഒന്നാമതായി ബാറ്റുചെയ്യുന്നയാൾ മുതൽ പകരക്കാരനായിരിക്കുന്ന താരം വരെ അവരുടെ അവസരത്തിനായി കാത്തിരുന്നു. യഥാർഥ സമയത്ത് അവസരം ലഭിച്ചപ്പോൾ അവർ അതിനൊത്തുയരുകയും ചെയ്തു. രവിശാസ്ത്രിയും അജിൻക്യ രഹാനെയുമടക്കം ടീം മാനേജ്മെന്റും യഥാവിധി അവരെ അതിനൊരുക്കി. അശ്വിനും രോഹിതും ഉൾപ്പെടെ എല്ലാ കളിക്കാരും ഒന്നിനൊന്ന് മെച്ചമായി ഒന്നിച്ചുനിന്നു. ശുഭ്മാൻ ഗിൽ നന്നായി ബാറ്റു ചെയ്തു. പന്തിന്‍റെ ആക്രമണാത്മക ബാറ്റിങ് എടുത്തുപറയണം. സ്വയം നിയന്ത്രിച്ചുള്ള ആക്രമണമായിരുന്നു അവേന്റത്. സിറാജിന്‍റെ ബൗളിങ്ങും ശാർദുലിന്‍റെ ബാറ്റിങ്ങും ഉജ്ജ്വലമായിരുന്നു. രവീന്ദ്ര ജദേജയുടെ ഓൾറൗണ്ട് പ്രകടനവും തുണയായി. ശരീരത്തിൽ ഒരുപാട് ഏറുകൾ കൊണ്ടിട്ടും ചേതേശ്വർ പൂജാര കീഴടങ്ങാൻ ഒട്ടും കൂട്ടാക്കിയില്ല. തീർത്തും ഗംഭീരമായിരുന്നു ടീമിന്‍റെ പ്രകടനം.
ടീമിന് വലിയ അഭിനന്ദനങ്ങൾ നേരുന്നു. സംശയമൊന്നുമില്ല, ഇന്ത്യ കളിച്ച എക്കാലത്തെയും മികച്ച പരമ്പരയാണിത്. ഇതാണ് ഇന്ത്യയുടെ ഏറ്റവും മഹത്തായ പരമ്പര വിജയമെന്ന് ഞാൻ കരുതുന്നു. വെരി വെൽഡൺ ടീം ഇന്ത്യ...നിങ്ങളെക്കുറിച്ചോർത്ത് സന്തോഷവും അഭിമാനവുമുണ്ട്. ലോകത്തുടനീളമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം വമ്പൻ ദിനമാണിന്ന്'- വിഡിയോയിൽ ആവേശഭരിതനായി മാസ്റ്റർ ബ്ലാസ്റ്റർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.