അർജുന്റെയും സാറയുടെയും പഴയ ഫോട്ടോ പങ്കുവെച്ച് സചിൻ; ഹൃദ്യമായ കുറിപ്പുമായി പാകിസ്താൻ ഇതിഹാസ താരം

മുംബൈ: ഇന്ത്യയുടെ ഇതിഹാസ താരം സചിൻ തെണ്ടുൽകർ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച ചിത്രത്തിന് ഹൃദ്യമായ പ്രതികരണവുമായി പാകിസ്താൻ മുൻ ഇതിഹാസ താരം സഈദ് അൻവർ. മകൻ അർജുൻ തെണ്ടുൽകറിന്റെ ജന്മദിനവും പെൺമക്കളുടെ ദിനവും ഒന്നിച്ചെത്തിയ​പ്പോഴാണ് അർജുന്റെയും മകൾ സാറയുടെയും പഴയകാല ചിത്രം സചിൻ പങ്കുവെച്ചത്.

‘എത്ര മനോഹരമായ യാദൃശ്ചികത! അർജുന്റെ ജന്മദിനവും ഡോട്ടേഴ്സ് ഡേയും ഒരേ ദിവസം ആഘോഷിക്കുന്നു. ഇതിലും സന്തോഷമുള്ള പിതാവാകാൻ എനിക്ക് കഴിയില്ല’, സചിൻ ഫോട്ടോക്കൊപ്പം കുറിച്ചു. സചിന്റെ പോസ്റ്റ് പങ്കുവെച്ചായിരുന്നു സഈദ് അൻവറിന്റെ പ്രതികരണം. ‘മാഷാ അല്ലാ സചിൻ! അർജുന് സന്തോഷകരമായ ജന്മദിനവും സാറക്ക് ആശംസയും നേരുന്നു’. 

സഈദ് അൻവർ

രണ്ട് ഇതിഹാസ താരങ്ങളും തമ്മിലുള്ള സൗഹൃദം ഏറെ പ്രസിദ്ധമാണ്. ഏകദിനത്തിൽ സഈദ് അൻവറിന്റെ പേരിലായിരുന്ന ഉയർന്ന വ്യക്തിഗത സ്കോർ മറികടന്നത് ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ച് സചിനായിരുന്നു. അൻവറിന്റെ 194 റൺസായിരുന്നു അതുവരെയുള്ള റെക്കോഡ്.

‘മറ്റാരും ഈ നേട്ടത്തിലെത്താൻ അർഹരല്ല. ആ ഉയരത്തിലേക്ക് കയറാൻ അർഹതയുള്ളത് സചിന് മാത്രമാണ്. ഏകദിന ക്രിക്കറ്റിൽ 200 വലിയ സ്‌കോറാണ്. അവിടെയെത്തുക എളുപ്പമല്ല. അതിലെത്താൻ അദ്ദേഹത്തിന് നീണ്ട 20 വർഷമെടുത്തു. അദ്ദേഹം ഒരുപാട് ദൂരം എത്തിയിരിക്കുന്നു. അത് സചിന്റെ മഹത്വമാണ്. അദ്ദേഹം സമർപ്പണവും എളിമയും ഉള്ള മനുഷ്യനാണ്. അതിനാൽ ദൈവം അദ്ദേഹത്തോട് ദയ കാണിച്ചിരിക്കുന്നു. റെക്കോഡുകൾ തകർക്കാനുള്ളതാണ്. കുറച്ച് കാലം മുമ്പ് ആരോ എന്റെ റെക്കോഡിനൊപ്പമെത്തിയതായി ഞാൻ കേട്ടു. പക്ഷെ എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. മുംബൈയിൽ നിന്നുള്ള എന്റെ സുഹൃത്ത് സചിൻ അത് തകർത്തു എന്നത് വലിയ കാര്യമാണ്. ഞാൻ അദ്ദേഹത്തിന്റെ നേട്ടത്തിൽ വളരെ സന്തോഷവാനാണ്’, സചിൻ ഇരട്ട സെഞ്ച്വറി നേടിയപ്പോൾ സഈദ് അൻവറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

സചിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റ് താരമായ അർജുൻ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് താരമാണ്.

Tags:    
News Summary - Sachin shares old photo of Arjun and Sara; Pakistani legend with heartwarming note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.