ട്വന്‍റി20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ. ആസ്ട്രേലിയ വേദിയാകുന്ന ലോകകപ്പിന്‍റെ ഗ്രൂപ് മത്സരങ്ങൾ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.
ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ, പാകിസ്താൻ ടീമുകൾ അവസാന നാലിൽ ഇടംപിടിക്കുമെന്ന് മാസ്റ്റർ ബ്ലാസ്റ്റർ പറയുന്നു. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് താരം ടൂർണമെന്‍റിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചത്. ഇന്ത്യ ചാമ്പ്യന്മാരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ എന്റെ ടോപ്പ് നാലു ടീമുകൾ ഇന്ത്യ, പാകിസ്താൻ, ആസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവ ആയിരിക്കും -സചിൻ പറഞ്ഞു.
ഇന്ത്യക്ക് മികച്ച അവസരമാണ്. ഈ ടീം സന്തുലിതമാണ്, മികച്ച പ്രകടനം നടത്താനാകും. അതുകൊണ്ടുതന്നെ ഞാൻ ഏറെ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും ടൂർണമെന്‍റിലെ കരുത്ത കുതിരകളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂര്യകുമാർ യാദവിനെയും സചിൻ ഏറെ പ്രശംസിച്ചു. ആത്മവിശ്വാസമുള്ള ബാറ്ററാണ്. ബാറ്ററെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ വളർച്ച അഭിനന്ദനമർഹിക്കുന്നതാണെന്നും സചിൻ പറഞ്ഞു. ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ നാട്ടിൽ ട്വന്‍റി20 പരമ്പര നേടിയതിന്‍റെ അനൂകൂല്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഈമാസം 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2007ലാണ് ഇന്ത്യ ലോക ചാമ്പ്യന്മാരായത്. അന്ന് പാകിസ്താനെയാണ് ഫൈനലിൽ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.