തറൗബ: വെള്ളിയാഴ്ച ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ബി.സി.സി.ഐ വെബ്‌സൈറ്റിൽ ഇന്ത്യൻ ടീമിന്‍റെ ട്വന്റി20 സ്‌ക്വാഡില്‍ സഞ്ജുവിന്‍റെ പേരും ഇടംപിടിച്ചിട്ടുണ്ട്.
കോവിഡ് ബാധിതനായ കെ.എല്‍. രാഹുലിന് പകരക്കാരനായിട്ടാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. രാഹുലിന്റെ പേര് ലിസ്റ്റിലില്ല. എന്നാൽ, ബി.സി.സി.എ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഏകദിന പരമ്പരക്കുള്ള ടീമില്‍ സഞ്ജു ഉണ്ടായിരുന്നെങ്കിലും ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസം അവസാനിച്ച ഏകദിന പരമ്പ ഇന്ത്യ 3-0-ന് തൂത്തുവാരിയിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് രാഹുൽ കളിക്കാനെത്തുമെന്ന കണക്കൂകൂട്ടലിലായിരുന്നു ബി.സി.സി.ഐ. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമയും ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തും. മൂന്നു മാസം മാത്രം അകലെ ട്വന്റി 20 ലോകകപ്പ് ആരംഭിക്കാനിരിക്കുമ്പോൾ ഇന്ത്യയുടെ കരുത്തും ദൗർബല്യവും തിരിച്ചറിയാനുള്ള വേദിയായും പരമ്പര മാറും.
പല മുതിർന്ന താരങ്ങളുമില്ലാഞ്ഞിട്ടും ഏകദിന പരമ്പരയിൽ മൂന്ന് കളികളിലും വിജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദീപക് ഹൂഡ, സുര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, ഹർഷൽ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ശ്രേയസ്സ് അയ്യർ, കുൽദീപ് യാദവ്, ആവേശ് ഖാൻ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.