കറാച്ചി: ഋഷഭ് പന്തിനേക്കാൾ ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യക്ക് അനുയോജ്യൻ സഞ്ജു സാംസൺ ആണെന്ന് മുൻ പാകിസ്താൻ താരം ഡാനിഷ് കനേരിയ. ഇന്ത്യൻ ടീം മാനേജ്മെന്റ് ആവശ്യത്തിലേറെ അവസരങ്ങൾ പന്തിന് നൽകിയതായും സഞ്ജുവിനെ തിരിച്ചുകൊണ്ടു വരികയാണ് ഇനി വേണ്ടതെന്നും കനേരിയ പറഞ്ഞു.
പന്തിന് ടെസ്റ്റിൽ മികച്ച റെക്കോർഡുണ്ട്. എന്നാൽ, ട്വന്റി20യിൽ അയാളുടെ പ്രകടനം മോശമാണ്. 56 മത്സരങ്ങൾ കളിച്ച പന്തിന് 23.60 ശരാശരി ആണുള്ളത്. സ്ട്രൈക് റേറ്റ് 126.16ഉം.
'പന്തിന് കഴിവു തെളിയിക്കാൻ ഏറെ അവസരങ്ങൾ നൽകി. സഞ്ജുവിന് അത്രയൊന്നും അവസരങ്ങൾ ലഭിച്ചിട്ടുമില്ല. എന്റെ അഭിപ്രായത്തിൽ ട്വന്റി20 ക്രിക്കറ്റിൽ സഞ്ജുവാണ് കേമൻ. ടെസ്റ്റിലും ഏകദിനത്തിലും പന്ത് മിടുക്കനാണ്. സഞ്ജുവിന് ട്വൻറി20 മത്സരങ്ങളിൽ ഇന്ത്യയുടെ സുപ്രധാന താരങ്ങളിൽ ഒരാളായി മാറാൻ കഴിയും. എത്രകാലം ഇനി ദിനേഷ് കാർത്തികിന് കളിക്കാനാവും? ട്വന്റി20 ലോകകപ്പ് ഉടൻ നടക്കാൻ പോവുകയാണ്. ഇന്ത്യ ഭാവിയിലേക്കാണ് ഇനി ഉറ്റുനോക്കേണ്ടത്.
വിക്കറ്റ് കീപ്പർമാരായി പന്തിനെയും കാർത്തികിനെയും ഉൾപെടുത്തിയപ്പോൾ ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ടീമിൽ ഇന്ത്യ സഞ്ജുവിനെ ഉൾപെടുത്തിയിട്ടില്ല. സൂപ്പർ ഫോറിൽ പാകിസ്താനോടും ശ്രീലങ്കയോടും തോറ്റ് ഫൈനൽ സാധ്യതകൾ ഏറക്കുറെ അസ്തമിച്ചപ്പോൾ സഞ്ജുവിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.