അഴിച്ചുപണിക്ക് ടീം ഇന്ത്യ; സഞ്ജു ട്വന്‍റി20 ലോകകപ്പ് കളിച്ചേക്കും

ഏഷ്യ കപ്പ് ട്വന്‍റി20യിൽ ഫൈനൽ കാണാതെ പുറത്തായ ഇന്ത്യൻ ടീമിൽ കാര്യമായ അഴിച്ചുപണി നടന്നേക്കും. ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിന് ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്.

ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ് എന്നിവ ഇതിനകം ടീമുകളെ പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബി.സി.സി.ഐ) ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കും. ടീമിൽ കളിക്കേണ്ട ഏതാനും താരങ്ങളുടെ കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടുണ്ട്. മറ്റു താരങ്ങളുടെ കാര്യത്തിലും ഉടൻ തീരുമാനമാകുമെന്നാണ് പുറത്തുവരുന്ന വിവരം.

മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പ് ടീമിൽ ഇടംനേടാതെ പോയ സഞ്ജുവിന്, ഇത്തവണ സെലക്ടർമാർ പച്ചക്കൊടി കാണിച്ചെന്നാണ് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടൂർണമെന്‍റിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.

അയർലൻഡിനെതിരെ ഇന്ത്യൻ സ്ക്വാഡിൽ ഇടംനേടിയ താരം, കളിച്ച ഒരേയൊരു മത്സരത്തിൽ 77 റൺസെടുത്തു. ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വന്‍റി20 ടീമിൽ ഉണ്ടായിരുന്നെങ്കിൽ ആദ്യ ഇലവനിൽ ഉൾപ്പെട്ടിരുന്നില്ല. വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടു മത്സരങ്ങളിൽനിന്നായി 45 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. മൂന്നു ഏകദിനങ്ങളിൽനിന്നായി 72 റൺസെടുത്തു. സിംബാബ് വെക്കെതിരെ രണ്ടു ഇന്നിങ്സുകളിലായി 58 റൺസെടുത്തു.

Tags:    
News Summary - Sanju Samson to be included in T20 World Cup squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.