ഹൈദാരാബാദ്: മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിങ് ചൂടറിഞ്ഞ് ബംഗ്ലാദേശ് ബൗളർമാർ. അന്തരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടിയ മത്സരത്തിൽ ഒരുപിടി റെക്കോഡുകളും താരം സ്വന്തമാക്കി.
താരത്തിനെതിരെ പന്തെറിഞ്ഞവർക്കെല്ലാം കണക്കിന് കിട്ടി. പത്താം ഓവറില്‍ ബംഗ്ലാ സ്പിന്നര്‍ റിഷാദ് ഹുസ്സൈനാണ് സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂട് ശരിക്കും അറിഞ്ഞത്. ആദ്യ പന്തില്‍ റണ്ണൊന്നും എടുക്കാനായില്ലെങ്കിലും പിന്നീടുള്ള അഞ്ചു പന്തുകളും നിലം തൊടിക്കാതെ താരം ഗാലറിയിലെത്തിച്ചു. 30 റൺസാണ് ആ ഓവറിൽ നേടിയത്. ട്വന്റി20 ക്രിക്കറ്റില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പം മൂന്നാം സ്ഥാനത്തെത്തി.
ഒരോവറില്‍ 36 റണ്‍സ് നേടിയ യുവരാജ് സിങ്ങും രോഹിത് ശര്‍മയുമാണ് സഞ്ജുവിന് മുന്നിലുള്ളത്. ആദ്യ രണ്ടു മത്സരങ്ങളിലും താരത്തിന് തിളങ്ങാനായിരുന്നില്ല. അതിന്‍റെ നിരാശ മൂന്നാം മത്സരത്തിൽ താരം തീർത്തു. 47 പന്തിൽ എട്ടു സിക്സും 11 ഫോറുമടക്കം 111 റൺസെടുത്താണ് താരം പുറത്തായത്. ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ ട്വന്‍റി20 സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. 2017ൽ ശ്രീലങ്കക്കെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ നാലാമത്തെ അതിവേഗ സെഞ്ച്വറിയാണ് സഞ്ജുവിന്‍റേത്. കൂടാതെ, ബംഗ്ലാദേശിനെതിരെ ഒരു ഇന്ത്യൻ താരത്തിന്‍റെ അതിവേഗ അർധ സെഞ്ച്വറിയെന്ന റെക്കോഡും താരം സ്വന്തമാക്കി. 22 പന്തിലാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. 23 പന്തില്‍ ലക്ഷ്യംകണ്ട രോഹിത്തിന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. 40 പന്തിലാണ് നൂറിലെത്തിയത്. ബംഗ്ലാദേശിനായി രണ്ടാം ഓവർ എറിയാനെത്തിയ തസ്കിൻ അഹ്മദിനെ തുടർച്ചയായി നാലു തവണ ബൗണ്ടറി കടത്തിയാണ് സഞ്ജു വെടിക്കെട്ടിന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.