ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ജ​യി​ച്ച ശ്രീ​ല​ങ്ക​ൻ ടീ​മി​ന്റെ ആ​ഘോ​ഷം

കങ്കാരുക്കൾക്കെതിരെ പരമ്പര; ലങ്കക്ക് ആഘോഷം

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജീവശ്വാസം തിരയുന്ന ശ്രീലങ്കൻ മണ്ണിന് ഇത്തിരി ആശ്വാസമായി ക്രിക്കറ്റിലെ വമ്പൻ ജയം. ഒരു കളി ശേഷിക്കെ കരുത്തരായ കങ്കാരുക്കളെ സ്വന്തം മണ്ണിൽ വീഴ്ത്തി ഏകദിന പരമ്പര സ്വന്തമാക്കിയതാണ് ശ്രീലങ്കക്ക് വേദനകൾക്കിടയിൽ ആഘോഷമുഹൂർത്തമൊരുക്കിയത്. ഇത് ശരിക്കും അവസരമാക്കി കൊളംബോ മൈതാനത്തെ കാണികൾ ഏറെ നേരം കൈയടിച്ചും ആർപ്പുവിളിച്ചും സന്തോഷത്തിൽ ടീമിനൊപ്പം ചേരുകയും ചെയ്തു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം കളിയിലായിരുന്നു 3-1ന് പരമ്പര നേട്ടം.

ജയം തേടിയിറങ്ങിയ ഓസീസിനു മുന്നിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഉയർത്തിയത് 258 റൺസ് എന്ന ഭേദപ്പെട്ട ടോട്ടൽ. ഒരു ഘട്ടത്തിൽ 34ന് മൂന്നു വിക്കറ്റ് വീണ് പതറിയ ടീമിനെ സെഞ്ച്വറിയടിച്ച് ചരിത് അസലങ്ക (106 പന്തിൽ 110)യും അർധ സെഞ്ച്വറിയുമായി ധനഞ്ജയ ഡി സിൽവ (61 പന്തിൽ 60)യും കരകയറ്റുകയായിരുന്നു. അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഓസീസ് ബാറ്റിങ്ങിനെ ഞെട്ടിച്ച് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് റണ്ണൊന്നുമെടുക്കാതെ കൂടാരം കയറിയപ്പോഴേ അപകടം മണത്തു. എന്നാൽ, കൂടെ ഓപണറായി ഇറങ്ങിയ ഡേവിഡ് വാർണർ ഉറച്ചുനിന്ന് പൊരുതിയപ്പോൾ ടീം വിജയം മണത്തു.

വാർണർ പക്ഷേ, സെഞ്ച്വറിക്ക് ഒരു റൺ അകലെ മടങ്ങി. പിന്നീടെല്ലാം ലങ്കൻ വഴിയിലായ കളിയിൽ അവസാന ഓവറിൽ ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസ്. ക്യാപ്റ്റൻ ദസുൻ ഷനക എറിഞ്ഞ ഓവറിലെ ആദ്യ അഞ്ചു പന്തിൽ മാത്യു കുനെമാൻ 14 റൺസ് എടുത്തതോടെ ജയിക്കാൻ ഒരു പന്തിൽ അഞ്ചു റൺസ് എന്നതായി സ്ഥിതി. നാലെടുത്താൽ കളി ടൈയും. മാത്യു കുനെമാൻ ആഞ്ഞടിച്ചെങ്കിലും ഉയർന്നുപൊങ്ങിയ പന്ത് കവർ ഫീൽഡറുടെ കൈകളിൽ വിശ്രമിച്ചതോടെ ലങ്ക കാത്തിരുന്ന ജയമെത്തി. പരമ്പരയിലെ ആദ്യ ഏകദിനം ജയിച്ച ആസ്ട്രേലിയക്ക് പിന്നീടെല്ലാം പൊള്ളുകയായിരുന്നു. ഇതാണ് തുടർച്ചയായ മൂന്നാം തോൽവിയിൽ അവസാനിച്ചത്.

Tags:    
News Summary - Series against kangaroos; Celebration for Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.