കൊൽക്കത്ത: ഐ.പി.എൽ നടപ്പു സീസൺ പാതി പിന്നിട്ടപ്പോൾ ഒമ്പതു മത്സരങ്ങളിൽനിന്ന് 12 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടീമിന്‍റെ കുതിപ്പിനു പിന്നിൽ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ സുനിൽ നരെയ്ന്‍റെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഗംഭീര ഫോമിൽ കളിക്കുകയാണ് താരം. ഒരു സെഞ്ച്വറി, രണ്ടു അർധ സെഞ്ച്വറി ഉൾപ്പെടെ ഒമ്പത് മത്സരങ്ങളിൽനിന്ന് 372 റൺസാണ് താരം അടിച്ചുകൂട്ടിയത്. 11 വിക്കറ്റുകളും ടീമിനായി നേടി. താരത്തിന്‍റെ തകർപ്പൻ ഓൾ റൗണ്ട് പ്രകടനത്തിനു പിന്നാലെ നരെയ്നു ദേശീയ ടീമിലേക്കു വീണ്ടും വിളിയെത്തിയിരുന്നു. എന്നാൽ സൂപ്പർ താരം ഇതു നിരസിച്ചു. നരെയ്ൻ ലോകകപ്പ് ടീമിൽ തിരിച്ചെത്തണമെന്ന് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ റോവ്‍മാൻ പവൽ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.
കൊൽക്കത്ത ടീമിന്‍റെ ഉടമകളിലൊരാളായ ബോളിവുഡ് നടൻ ഷാറൂഖ് ഖാനും നരെയ്നെ വാനോളം പ്രശംസിക്കുകയാണ്. ടീമിലെ സൂപ്പർമാൻ എന്നാണ് താരത്തെ കിങ് ഖാൻ വിശേഷിപ്പിച്ചത്. ടീമിന്‍റെ വിജയക്കുതിപ്പിനു പിന്നിലെ യഥാർഥ ചാലകശക്തി നരെയ്നാണെന്നും ഷാറൂഖ് പറഞ്ഞു. ഐ.പി.എല്ലിലെ പത്തു വർഷത്തെ ടീമിന്‍റെ കിരീട വരൾച്ച നരെയ്നിലൂടെ ഇത്തവണ അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൊൽക്കത്ത ആരാധകർ.
‘ഞങ്ങൾ അദ്ദേഹത്തെ സൂപ്പർമാൻ എന്നാണ് വിളിക്കുന്നത്, ദൈവ കണം. കളത്തിൽ അദ്ദേഹം ബോസാണ്. മികച്ച കളിക്കാരൻ, ബാറ്റർ, ബൗളർ, വിക്കറ്റ് കീപ്പർ, ഫീൽഡർ’ -ഷാറൂഖ് പറഞ്ഞു. 2012, 2014 സീസണുകളിൽ ടീം ഐ.പി.എൽ കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ചതും നരെയ്നായിരുന്നു. ഈ രണ്ടു സീസണുകളിലും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വിദേശ സ്പിന്നറായിരുന്നു നരെയ്ൻ.
ക്ലബിന്‍റെ മനശാസ്ത്രം ഏറ്റവും കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നത് നരെയ്നിലും മറ്റൊരു വിൻഡീസ് താരമായ ആന്ദ്രെ റസ്സെലിലുമാണ്. ഇതിൽ ആർക്കു പരിക്കേറ്റാലും ടീമിന് വലിയ തിരിച്ചടിയാകുമെന്നും ഷാറൂഖ് അഭിപ്രായപ്പെട്ടു. സീസണിൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ ആറെണ്ണത്തിലും കൊൽക്കത്ത ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.