കൊൽക്കത്ത: ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന പാകിസ്താൻ താരമെന്ന റെക്കോഡ് സ്വന്തമാക്കി പേസർ ഷഹീൻ ഷാ അഫ്രീദി. 51 മത്സരങ്ങളിലാണ് താരം വിക്കറ്റിൽ ‘സെഞ്ച്വറി’ തികച്ചത്. 53 മത്സരങ്ങളിൽ ഇത്രയും വിക്കറ്റെടുത്ത ഇതിഹാസ സ്പിന്നർ സഖ് ലൈൻ മുഷ്താഖിനെയാണ് മറികടന്നത്. ഏകദിനത്തിൽ വേഗത്തിൽ 100 വിക്കറ്റ് തികച്ച ബൗളർമാരിൽ മൂന്നാം സ്ഥാനത്താണ് ഷഹീൻ അഫ്രീദി. നേപ്പാൾ താരം സന്ദീപ് ലാമിച്ചെയ്ൻ (42 മത്സരം), അഫ്ഗാൻ താരം റാഷിദ് ഖാൻ (44 മത്സരം) എന്നിവരാണ് മുമ്പിലുള്ളത്.
ബംഗ്ലാദേശിനെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ ഓപണർ തൻസിദ് ഹസനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് അഫ്രീദി നൂറാം വിക്കറ്റ് നേടിയത്. നാല് റൺസെടുത്ത നജ്മുൽ ഹൊസൈൻ ഷാന്റോയെ ഉസാമ മിറിന്റെ കൈയിലെത്തിച്ചതോടെ വിക്കറ്റ് നേട്ടം 101ൽ എത്തി.
ലോകകപ്പിലെ നിർണായക മത്സരത്തിൽ പാകിസ്താനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആറ് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ നാല് പോയന്റുമായി പാകിസ്താൻ ഏഴാമതും രണ്ടു പോയന്റുമായി ബംഗ്ലാദേശ് ഒമ്പതാമതുമാണ്. ആറിൽ രണ്ടു ജയവും നാലു തോൽവിയും ഏറ്റുവാങ്ങിയ ബാബർ അഅ്സമിനും സംഘത്തിനും ഇന്നത്തെ ജീവന്മരണ പോരാട്ടം ജയിച്ചില്ലെങ്കിൽ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ശേഷിക്കുന്ന രണ്ടു കളികൾകൂടി മികച്ച മാർജിനിൽ നേടിയാലേ പാകിസ്താന് സെമി പ്രതീക്ഷ വെച്ചുപുലർത്താനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.