ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ജയിച്ചുകയറി ഷാകിബ് ഹസൻ; പിന്നാലെ വൈറലായി ആരാധകനെ അടിക്കുന്ന വിഡിയോ

ധാക്ക: കളിക്കളത്തിലെയും കളത്തിന് പുറത്തെയും ചൂടൻ പെരുമാറ്റത്തിലൂടെ ഏറെ പഴികേൾക്കുന്നയാളാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാകിബ് അൽ ഹസൻ. അമ്പയർമാരുമായി തട്ടിക്കയറിയും സ്റ്റമ്പ് തട്ടിത്തെറിപ്പിച്ചുമെല്ലാം കളിക്കളത്തിൽ അരിശം തീർക്കുന്ന താരം ആരാധകന്റെ മുഖത്തടിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് തകർപ്പൻ ജയം നേടിയതിന് പിന്നാലെയാണ് വിഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടത്‌. ആൾക്കൂട്ടത്തിനിടയിൽപ്പെട്ട ഷാകിബിന്റെ ദേഹത്തേക്ക് തൊട്ടരികിൽനിന്നിരുന്ന ആരാധകൻ തിരക്കിൽ വീണതാണ് താരത്തെ പ്രകോപിപ്പിച്ചത്. സംഭവം നടന്നത് എവിടെ വെച്ചാണെന്നോ എന്നാണെന്നോ വ്യക്തമല്ലെങ്കിലും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോളിങ് സ്റ്റേഷനിൽ എത്തിയപ്പോഴാണെന്നാണ് സൂചന. സംഭവത്തിൽ ഇതുവരെ ഷാകിബ് പ്രതികരിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് ഷാകിബ് ഒരു വേദിയിൽ ഇരിക്കുമ്പോൾ സെൽഫിയെടുക്കാൻ എത്തിയ ആരാധകനോട് നീരസം പ്രകടിപ്പിക്കുന്ന വിഡിയോയും വൈറലായിരുന്നു.

ബംഗ്ലാദേശിലെ പടി​ഞ്ഞാറൻ നഗരമായ മഗുറ നിയോജക മണ്ഡലത്തിൽനിന്ന് 1,50,000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് 36കാരൻ ജയിച്ചത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായാണ് താരം മത്സരിച്ചത്. ക്രിക്കറ്റിൽനിന്ന് താൽക്കാലിക അവധിയെടുത്താണ് ഷാകിബ് മത്സരരംഗത്ത് സജീവമായത്. പ്രതിപക്ഷത്തെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ ഷാകിബിന്റെ ജയം ഉറപ്പിച്ചിരുന്നു. 

Tags:    
News Summary - Shakib Hasan wins Bangladesh election; Then the video of him hitting the fan went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.