ആസ്ട്രേലിയക്കെതിരെ അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത മുഹമ്മദ് ഷമിയുടെ ആഹ്ലാദം

അഞ്ചുവിക്കറ്റ് പിഴുത് ഷമി; ആസ്ട്രേലിയ 276ന് പുറത്ത്

മൊഹാലി: അഞ്ചുവിക്കറ്റ് പിഴുത് മുഹമ്മദ് ഷമി ശൗര്യം കാട്ടിയപ്പോൾ ആദ്യ ഏകദിനത്തിൽ ആദ്യം ബാറ്റുചെയ്ത  ആസ്ട്രേലിയയെ 276 റൺസിലൊതുക്കി ഇന്ത്യ. പത്തോവറിൽ 51 റൺസ് വഴങ്ങിയാണ് ഷമി അഞ്ചുപേരെ തിരിച്ചയച്ചത്. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അർധശതകം നേടിയ ഡേവിഡ് വാർണറാണ് (53 പന്തിൽ 52) സന്ദർശകരുടെ ടോപ്സ്കോറർ. ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ, രവിചന്ദ്ര അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 16 വർഷത്തിനുശേഷമാണ് ഏകദിനത്തിൽ ഒരു ഇന്ത്യൻ ബൗളർ സ്വന്തം നാട്ടിൽ അഞ്ചുവിക്കറ്റ് നേട്ടം കൊയ്യുന്നത്. ഏകദിനത്തിൽ ഷമി ഇത് രണ്ടാംതവണയാണ് അഞ്ചുവിക്കറ്റ് നേടുന്നത്. 

ഒരു ഘട്ടത്തിൽ മികച്ച നിലയിലായിരുന്നു ഓസീസ്. സ്കോർബോർടിൽ നാലു റൺസ് മാത്രമിരിക്കേ, മിച്ചൽ മാർഷിനെ (നാല്) ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ച് ഷമി ഇന്ത്യക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചിരുന്നു. എന്നാൽ, പിന്നീട് ജാഗ്രതയോടെയും ആക്രമണാത്മകമായും നിലയുറപ്പിച്ച വാർണറും സ്റ്റീവൻ സ്മിത്തും (60 പന്തിൽ 41) ചേർന്ന് 94 റൺസി​ന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോൾ 18.2 ഓവറിൽ ഒരു വിക്കറ്റിന് 98 റൺസെന്ന നിലിയിലായിരുന്നു ആസ്ട്രേലിയ. വാർണറെ പുറത്താക്കി ജദേജയാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. വീണ്ടും ഗില്ലിന്റെ ക്യാച്ച്. ആറു ഫോറും രണ്ടു സിക്സുമടങ്ങിയതായിരുന്നു വാർണറുടെ അർധശതകം.


വൈകാതെ സ്മിത്തിനെ ഷമി പുറത്താക്കിയതോടെ ഓസീസ് മൂന്നിന് 112 റൺസെന്ന നിലയിലായി. മികച്ച തുടക്കം കിട്ടിയ മാർനസ് ലബുഷെയ്നെ (49 പന്തിൽ 39 റൺസ്) അശ്വിന്റെ ബൗളിങ്ങിൽ കെ.എൽ. രാഹുൽ സ്റ്റംപ് ചെയ്ത് പുറത്താക്കി. കമറോൺ ഗ്രീൻ (52 പന്തിൽ 31), ജോഷ് ഇംഗ്ലിസ് (45 പന്തിൽ 45), മാർകസ് സ്റ്റോയിനിസ് (21 പന്തിൽ 21) എന്നിവരും ചെറുത്തുനിന്നപ്പോൾ ആസ്ട്രേലിയ 41.5 ഓവറിൽ 200 കടന്നു.

സ്റ്റോയിനിസിനെയും മാത്യൂ ഷോർട്ടിനെയും (രണ്ട്) തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയ ഷമി അതേ ഓവറിൽ സീൻ അബോട്ടിനെ ക്ലീൻ ബൗൾഡാക്കിയാണ് അഞ്ചുവിക്കറ്റ് നേട്ടം കൊയ്തത്. അവസാന ഘട്ടത്തിൽ ഒമ്പതു പന്തിൽ രണ്ടുഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 21 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ വെടിക്കെട്ടാണ് സന്ദർശക സ്കോർ 270 കടത്തിയത്. അവസാന പന്തിൽ മൂന്നാം പന്തിനോടിയ ആദം സാംപ റണ്ണൗട്ടിൽ കുരുങ്ങിയതോടെ ആസ്ട്രേലിയ ഓൾഔട്ടാവുകയായിരുന്നു.

Tags:    
News Summary - Shami stars with five wickets as Australia posts 276 in first ODI against India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.