ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്ക് വേദിയൊരുക്കുന്ന ചെന്നൈ ചെപ്പോക്കിലെ പിച്ചിനെ ചൊല്ലി ട്വിറ്ററിൽ വൻ വാഗ്വാദം. ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോണും ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണുമാണ് പരസ്പരം കൊമ്പുകോർത്തത്. ചെന്നൈയിലെ പിച്ച് മോശമാണെന്ന ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോണിന്‍റെ വിമർശനത്തെ ഷെയ്ൻ വോൺ പരിഹസിച്ചു.
രണ്ടാംടെസ്റ്റിൽ സ്പിന്നർമാർ അരങ്ങുവാഴവേയാണ് വിമർശനവുമായി മൈക്കൽ വോൺ രംഗത്തെിയത്. ഇതിന് പിന്നാലെയാണ് ആദ്യ ടെസ്റ്റിൽ ഈ പരാതിയില്ലായിരുന്നോയെന്ന് ഷെയ്ൻവോൺ തിരിച്ചടിച്ചത്. ''എന്താ സുഹൃത്തേ... ആദ്യ ടെസ്റ്റിന്‍റെ അവസാന ദിനങ്ങളിൽ പിച്ച് പൊടിപാറ്റുകയായിരുന്നു. ഇന്ത്യക്ക് ഒരു അവസരവും ഇല്ലാതിരുന്നിട്ടും ഒരാളും ഒന്നും പറഞ്ഞില്ല. ഈ ടെസ്റ്റ് ആദ്യം മുതലേ രണ്ടുടീമുകൾക്കും ഒരുപോലെയാണ്. ഇംഗ്ലണ്ട് മോശമായാണ് പന്തെറിഞ്ഞത്. രോഹിതും പന്തും രഹാനെയും എങ്ങനെ ബാറ്റുചെയ്യണമെന്ന് കാണിച്ചുതന്നു'' -മൈക്കൽ വോണിന്‍റെ ട്വീറ്റിന് മറുപടിയായി ഷെയ്ൻവോൺ കുറിച്ചു.
''ആദ്യത്തെ രണ്ടുസെഷനുകളിൽ പിച്ച് വലിയ കുഴപ്പമില്ലായിരുന്നു. രണ്ടാംടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ബാറ്റുചെയ്ത പോലെ കളിച്ചിരുന്നന്നെങ്കിൽ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് സമനിലയാക്കാമായിരുന്നു. ഇത് ഒരു നല്ല ടെസ്റ്റ് മാച്ച് പിച്ചല്ല'' -മൈക്കൽ വോൺ വീണ്ടും അഭിപ്രായപ്രകടനവുമായെത്തി.
''പന്ത് ഭയങ്കര സ്പിന്നാകുന്നതും പേസാകുന്നതും വലിയ മാറ്റമില്ല. നമുക്ക് എപ്പോഴും വേണ്ടത് ബാറ്റുകൊണ്ടും പന്തുകൊണ്ടുമുള്ള മികച്ച പ്രകടനമാണ്. ഇന്ത്യ ഇംഗ്ലണ്ടിനേക്കാൾ നന്നായി ബാറ്റ് ചെയ്യുകയും ബൗൾ ചെയ്യുകയും ചെയ്തുവെന്നതാണ് ശരി. രണ്ടുടീമുകൾക്കും ആദ്യ പന്തുമുതൽ ഒരേ സാഹചര്യമായിരുന്നു. പക്ഷേ ബൗളർമാർക്ക് ആനുകൂല്യം കുറച്ച് അമിതമായി''- ഷെയ്ൻ വോൺ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.