ഗില്ലിന് ഡെങ്കിപ്പനി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഞായറാഴ്ച ആസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഡെങ്കിപ്പനി ബാധിച്ചതിനാൽ ഓപണര്‍ ശുഭ്മാന്‍ ഗില്ലിന് ആദ്യ മത്സരങ്ങളില്‍ കളിക്കാനാവില്ലെന്നാണ് റിപ്പോർട്ട്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന താരത്തിന്റെ നില തൃപ്തികരമാണെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ചെന്നൈയില്‍ എത്തിയത് മുതല്‍ ഗില്ലിന് പനിയുണ്ട്. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിക്കുകയായിരുന്നു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ ഗില്ലിന് വിശ്രമം നല്‍കിയേക്കും.

ഓപണറുടെ റോളിൽ മിന്നിത്തിളങ്ങുന്ന താരത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 2023ൽ ഏകദിനത്തിൽ ഇന്ത്യയുടെ ടോപ് സ്കോററാണ് ഗിൽ. 72.35 ശരാശരിയും 105 സ്​ട്രൈക്ക് റേറ്റുമടക്കം 1230 റൺസാണ് താരം ഈ വർഷം അടിച്ചുകൂട്ടിയത്. ഇതിൽ അഞ്ച് സെഞ്ച്വറിയും അത്രയും അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ ഓപണറായി എത്താനാണ് സാധ്യത. നേരത്തെ ഓപണറായി കളിച്ചിരുന്ന കെ.എല്‍ രാഹുലും ടീമിലുണ്ടെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുത്തതിനാൽ ആ റോളിൽ തുടരാനാണ് സാധ്യത.

ലോകകപ്പിലെ ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിന്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍.

Tags:    
News Summary - Shubman Gill down with Dengue Fever; India suffered a heavy blow in the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.