ധരംശാല: തുടർച്ചയായ രണ്ടാം ട്വന്റി20 പരമ്പര തൂത്തുവാരി രോഹിത് ശർമയുടെയും സംഘത്തിന്റെയും വിജയഭേരി. മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യ പരമ്പര 3-0ത്തിന് കരസ്ഥമാക്കിയത്.
നേരത്തേ, വെസ്റ്റിൻഡീസിനെയും ഇന്ത്യ 3-0ത്തിന് തകർത്തിരുന്നു. ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ 12-ാം ജയം കൂടിയാണിത്.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 20 ഓവറിൽ അഞ്ചു വിക്കറ്റിന് 146 റൺസെടുത്തപ്പോൾ ഇന്ത്യ 19 പന്ത് ബാക്കിയിരിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. തുടർച്ചയായ മൂന്നാം കളിയിലും തകർപ്പൻ അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരാണ് (45 പന്തിൽ ഒരു സിക്സും ഒമ്പത് ബൗണ്ടറിയുമടക്കം 73) ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. പരമ്പരയിൽ 204 റൺസ് അടിച്ചുകൂട്ടിയ ശേയ്രസ് ഒരിക്കൽ പോലും പുറത്തായതുമില്ല.
രവീന്ദ്ര ജദേജ (22*), ദീപക് ഹൂഡ (21), സഞ്ജു സാംസൺ (18), വെങ്കിടേഷ് അയ്യർ (5), രോഹിത് (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക തുടക്കത്തിലെ തകർച്ചക്കുശേഷം തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത നായകൻ ദാസുൻ ശാനകയുടെ (38 പന്തിൽ പുറത്താവാതെ 74) മികവിലാണ് 146ലെത്തിയത്.
12 ഓവറിൽ അഞ്ചിന് 60 എന്ന നിലയിലായിരുന്ന ലങ്കയെ അഭേദ്യമായ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 47 പന്തിൽ 86 റൺസടിച്ച ശാനകയും ചാമിക കരുണരത്നെയും (19 പന്തിൽ പുറത്താവാതെ 12) ചേർന്നാണ് കരകയറ്റിയത്. അവസാന അഞ്ചോവറിൽ ലങ്ക 68 റൺസാണ് സ്കോർ ചെയ്തത്. ശാനക രണ്ടു സിക്സും ഒമ്പത് ഫോറുമാണ് പായിച്ചു.
23 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ഇന്ത്യൻ നിരയിൽ കഴിഞ്ഞ കളിയിൽ ഹെൽമെറ്റിൽ പന്ത് കൊണ്ട ഇഷാൻ കിഷൻ കളിച്ചില്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ എന്നിവരും പുറത്തിരുന്നു. പകരം സിറാജ്, ആവേശ്, ബിഷ്ണോയ്, കുൽദീപ് യാദവ് എന്നിവർ ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.