ഋഷി സുനക് ആശിഷ് നെഹ്റയുടെ ആരാണ്?; സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് രൂപ സാദൃശ്യം

ന്യൂഡൽഹി: ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയാകാനൊരുങ്ങുകയാണ് ഋഷി സുനക്. അദ്ദേഹം അധികാരത്തിലേറുന്നതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യക്കാർ. സമൂഹമാധ്യമങ്ങളിലൂടെ ചിലർ അവരുടെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരമായും ഇതിനെ ഉപയോഗിക്കുന്നുണ്ട്.

42കാരനായ സുനകിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റയുമായുള്ള സാമ്യം കണ്ടുപിടിച്ചിരിക്കുകയാണ് ചില വിരുതന്മാർ. ഋഷി സുനകിന് അഭിനന്ദന സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അവർ ഉപയോഗിച്ചത് ആശിഷ് നെഹ്‌റയുടെ ചിത്രങ്ങളാണ്. ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശിഷ് നെഹ്റയും തമ്മിൽ സംസാരിക്കുന്ന ചിത്രം പങ്കുവെച്ച് 'കോഹിനൂർ രത്നം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി മോദിയും സുനകും ചർച്ചയിൽ' എന്ന് ട്വിറ്ററിൽ കുറിച്ചു. ആശിഷ് നെഹ്റ ഒരു കുറിപ്പ് വായിക്കുന്ന പഴയ ചിത്രം പോസ്റ്റ് ചെയ്ത് 'കോഹിനൂർ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്ലാൻ ചെയ്യുന്ന സുനക്' എന്നായിരുന്നു വിവരണം. ആശിഷ് നെഹ്റ കുട്ടിയായിരുന്ന വിരാട് കോഹ്‍ലിക്ക് ഉപഹാരം സമ്മാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് 'ഋഷി സുനക് വിരാട് കോഹ്‍ലിക്കൊപ്പം' എന്ന് അടിക്കുറിപ്പ് നൽകിയവരുമുണ്ട്.

സുനകും നെഹ്റയും തമ്മിലുള്ള സാദൃശ്യം 'തെളിയിക്കാൻ' ഒരേ പോസിലുള്ള ഇരുവരുടെയും ചിത്രങ്ങൾ കണ്ടെത്തി പോസ്റ്റ് ചെയ്യാൻ മത്സരിക്കുകയാണ് നെറ്റിസൺസ്. ഒപ്പം ചിരിപ്പിക്കുന്ന കമന്റുകളുമുണ്ട്. നേരത്തെ മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗും ഇരുവരും തമ്മിലുള്ള സാമ്യത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.


ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ മകനായ സുനക്, ഭഗവത് ഗീതയിലെ ശ്ലോകങ്ങൾ ഉദ്ധരിക്കുകയും ദീപാവലി ദിനത്തിൽ ദീപങ്ങൾ തെളിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അദ്ദേഹം ഇന്ത്യൻ സംസ്‌കാരത്തിൽ വേരൂന്നിയ ആളായതിനാൽ, കോഹിനൂർ എന്ന രത്നത്തിനായി ഞങ്ങൾ ആവശ്യപ്പെടുന്നത് ന്യായമാണ്, അല്ലേ? എന്നായിരുന്നു ഈ ചിത്രം പങ്കുവെച്ച് ചിലരുടെ ചോദ്യം.

ഇൻഫോസിസ് മേധാവി നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് ഋഷി സുനക് വിവാഹം ചെയ്തത്. ബ്രിട്ടനിലെ മുൻ ധനമന്ത്രി സുനക് നാളെ ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തുമെന്നും തുടർന്ന് യു.കെ പ്രധാനമന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Social Media discussing the similarity between Rishi Sunak and Ashish Nehra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.