ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിക്കെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ പുതിയ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസ് പേസർ യാഷ് ദയാൽ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നാണ് താരം പറയുന്നത്. ലവ് ജിഹാദുമായി ബന്ധപ്പെട്ട കാർട്ടൂണാണ് കഴിഞ്ഞ ദിവസം താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇത് വൻ വിവാദമായതോടെ സ്റ്റോറി പിൻവലിച്ച് യാഷ് ദയാൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
വിവാദ കാർട്ടൂണ്‍ പങ്കുവെച്ചതും അതുകഴിഞ്ഞുള്ള ഖേദപ്രകടനവും തന്റെ അറിവോടെയല്ലെന്നാണ് ദയാൽ ഇപ്പോൾ പറയുന്നത്. മറ്റാരോ സമ്മതമില്ലാതെ തന്റെ ഐ.ഡി ഉപയോഗിച്ചിട്ടുണ്ടെന്നും ഇക്കാര്യം ഇൻസ്റ്റഗ്രാം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നുമാണ് വിശദീകരണം. എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് താനെന്നും വിദ്വേഷം പ്രചരിപ്പിക്കില്ലെന്നും ഗുജറാത്ത് ടൈറ്റൻസ് പബ്ലിക് റിലേഷൻ സംഘം വഴി ദയാൽ നൽകിയ വിശദീകരണ കുറിപ്പിൽ പറയുന്നു.
‘‘എന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽനിന്ന് രണ്ട് സ്റ്റോറികൾ പോസ്റ്റ് ചെയ്തിരുന്നു. രണ്ടും ഞാൻ ചെയ്തതല്ല. മറ്റാരോ എന്റെ അക്കൗണ്ട് പോസ്റ്റിങ്ങിനായി ഉപയോഗിക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഇക്കാര്യം ഞാൻ അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ നിയന്ത്രണം പൂർണമായി വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ എല്ലാ സമുദായങ്ങളെയും ബഹുമാനിക്കുന്നയാളാണ്. പോസ്റ്റ് ചെയ്ത ചിത്രം എന്റെ വിശ്വാസത്തിന് വിരുദ്ധമാണ്’’–യാഷ് ദയാൽ പ്രതികരിച്ചു.
2023 ഐ.പി.എൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി അഞ്ച് മത്സരങ്ങൾ കളിച്ച ദയാല്‍ രണ്ടു വിക്കറ്റാണ് വീഴ്ത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ അവസാന ഓവറിൽ റിങ്കു സിങ് അഞ്ച് സിക്സുകൾ നേടിയത് യാഷ് ദയാലിന്റെ പന്തുകളിലായിരുന്നു. ഗുജറാത്തിനെതിരെ അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണ്ട സമയത്തായിരുന്നു യാഷ് ദയാലിന്റെ ഓവറിൽ റിങ്കുവിന്‍റെ അവിശ്വസനീയ ബാറ്റിങ്. മത്സരത്തിനുശേഷം യാഷ് ദയാല്‍ മാനസികമായി തളരുകയും അസുഖബാധിതനാകുകയും ചെയ്തതായി ഗുജറാത്ത് നായകൻ ഹര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു. ഏഴെട്ട് കിലോയോളം ശരീരഭാരവും കുറഞ്ഞു. ആ മത്സരം യാഷിനെ ശാരീരികമായും മാനസികമായും തളര്‍ത്തിയെന്നും ഹര്‍ദിക് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.