കെബർഹ: അഞ്ച് വിക്കറ്റുകൾ പിഴുത വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബോളിങ് പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു. മൂന്ന് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ഒരുഘട്ടത്തിൽ പ്രോട്ടീസ് നിര തകർന്നടിഞ്ഞപ്പോൾ, ഇന്ത്യക്ക് ജയപ്രതീക്ഷ ഉയർന്നെങ്കിലും അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സും ജെറാൾഡ് കോട്സീയും ചേർന്ന് അവരെ ജയത്തിലേക്ക് നയിച്ചു. സ്കോർ: ഇന്ത്യ - 20 ഓവറിൽ ആറിന് 124, ദക്ഷിണാഫ്രിക്ക - 19 ഓവറിൽ ഏഴിന് 128. ജയത്തോടെ പരമ്പര 1-1 എന്ന നിലയിലായി. ബുധനാഴ്ചയാണ് മൂന്നാം മത്സരം.
മറുപടി ഇന്നിങ്സിൽ പ്രോട്ടീസ് ബാറ്റിങ് നിര തകർത്തടിച്ചാണ് തടുങ്ങിയത്. എന്നാൽ 44 റൺസ് നേടുന്നതിനിടെ അവർക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. റയാൻ റിക്കൽട്ടൻ 13ഉം റീസ ഹെൻഡ്രിക്സ് 24 റൺസും ക്യാപ്റ്റൻ എയ്ഡൻ മാർക്രം മൂന്ന് റൺസുമെടുത്ത് പുറത്തായി. റിക്കൽട്ടനെ അർഷ്ദിപ് റിങ്കു സിങ്ങിന്റെ കൈകളിൽ എത്തിച്ചപ്പോൾ മറ്റു രണ്ടുപേരെയും വരുൺ ക്ലീൻ ബൗൾഡാക്കി. മാർകോ യാൻസൻ (ഏഴ്), ഹെയ്ൻറിച് ക്ലാസൻ (രണ്ട്), ഡേവിഡ് മില്ലർ (പൂജ്യം) എന്നിവരെ കൂടി കൂടാരം കയറ്റി വരുൺ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.
ഏഴ് റൺസ് നേടിയ ആൻഡിൽ സിമലേനെ രവി ബിഷ്ണോയ് മടക്കി. ഇതോടെ ദക്ഷിണാഫ്രിക്ക ഏഴിന് 86 എന്ന നിലയിൽ പരാജയത്തെ മുന്നില്ഡ കണ്ടു. എന്നാൽ എട്ടാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സും ജെറാൾഡ് കോട്സീയും ഒന്നിച്ചതോടെ മത്സരത്തിന്റെ ഗതി മാറി. വമ്പനടികളുമായി കളം നിറഞ്ഞ കോട്സീ ജയം ഇന്ത്യയിൽനിന്ന് തട്ടിയകറ്റി. ഒമ്പത് പന്തിൽ 19 റൺസാണ് താരം അടിച്ചെടുത്തത്. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോൾ മറുവശത്ത് നങ്കൂരമിട്ടു കളിച്ച സ്റ്റബ്സിന്റെ ഇന്നിങ്സ് പ്രോട്ടീസിന്റെ വിജയത്തിൽ നിർണായകമായി. 41 പന്തിൽ ഏഴ് ഫോറിന്റെ അകമ്പടിയോടെ 47 റൺസ് നേടിയ താരം പുറത്താകാതെ നിന്നു.
മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയ ഇന്ത്യൻ ഇന്നിങ്സിൽ 39* റൺസ് നേടിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടോപ് സ്കോറർ. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ സഞ്ജു സാംസൺ സംപൂജ്യനായി മടങ്ങിയതനൊപ്പം അഭിഷേക് ശർമയും നായകൻ സൂര്യകുമാർ യാദവും രണ്ടക്കം കാണാനാകാതെ പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് ഇന്ത്യ നേടിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അക്കൗണ്ട് തുറക്കും മുമ്പ് സഞ്ജുവിനെ നഷ്ടമായി. മാർകോ യാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ സഞ്ജുവിന്റെ ലെഗ് സ്റ്റമ്പ് ഇളകി. രണ്ടാം ഓവറിൽ നാല് റൺസുമായി അഭിഷേകും മടങ്ങി. ജെറാൾഡ് കോട്സീയുടെ പന്തിൽ യാൻസൻ പിടിച്ചാണ് താരം പുറത്തായത്. സ്കോർ 15ൽ നിൽക്കേ ആൻഡിൽ സിമലേൻ ക്യാപ്റ്റൻ സൂര്യയെ വിക്കറ്റിനു മുന്നിൽ കുരുക്കി.
തിലക് വർമയും (20 പന്തിൽ 20) അക്സർ പട്ടേലും (21 പന്തിൽ 27) ചേർന്ന് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരം മുന്നോട്ടുപോയില്ല. തിലകിനെ എയ്ഡൻ മാർക്രം, ഡേവിഡ് മില്ലറുടെ കൈകളിൽ എത്തിച്ചപ്പോൾ അക്സർ പട്ടേൽ റണ്ണൗട്ടായി. ആറാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയുടെ ചെറുത്തു നിൽപ്പ് ഇന്ത്യയെ ഓൾഔട്ട് ആകുന്നതിൽനിന്ന് രക്ഷിച്ചു. 45 പന്തിൽ 39 റൺസ് നേടിയ താരം പുറത്താകാതെനിന്നു. റിങ്കു സിങ് ഒമ്പത് റൺസുമായി മടങ്ങിയപ്പോൾ അർഷ്ദീപ് സിങ് ഏഴ് റൺസുമായി പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.