ഗ്രൗണ്ടിലെത്തി ധോണിയുടെ കാലിൽ തൊട്ട് ആരാധകൻ; തോളിൽ കൈയിട്ട് ചേർത്തുപിടിച്ച് താരം

അഹ്മദാബാദ്: ഐ.പി.എൽ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ആതിക്രമിച്ചു കടന്ന് സൂപ്പർ താരം എം.എസ്. ധോണിയുടെ കാലിൽ തൊട്ട് ആരാധകൻ. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഗുജറാത്ത് ടൈറ്റൻസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്.

ചെന്നൈ ബാറ്റിങ്ങിനിടെ അവസാന ഓവറിലാണ് സംഭവം. ധോണിയുടെ എൽ.ബി.ഡബ്ല്യൂ അപ്പീൽ നിരസച്ചിതോടെ ഗുജറാത്ത് ഡി.ആർ.എസ് ആവശ്യപ്പെട്ടു. പരിശോധനയിൽ പന്ത് സ്റ്റെമ്പിന് പുറത്താണെന്ന് വ്യക്തമായതോടെ റിവ്യൂ നഷ്ടപ്പെട്ടു. പിന്നാലെ ബാറ്റിങ്ങിനായി ധോണി ക്രീസിലേക്ക് നടന്നു നീങ്ങുന്നതിനിടെയാണ് ഗ്രൗണ്ടിലേക്ക് ആരാധകരിലൊരാൾ അതിക്രമിച്ചു കടന്നത്. താരത്തിന്‍റെ അടുത്തെത്തി കാലിൽ തൊട്ടശേഷം ആരാധകൻ അനുഗ്രഹം വാങ്ങുന്നുണ്ട്. ധോണി ആരാധകന്‍റെ തോളിൽ കൈയിട്ട് ചേർത്തുപിടിച്ച് അൽപനേരം സംസാരിക്കുന്നുണ്ട്. ഇതിനിടെ ഓടിയെത്തിയ സുരക്ഷ ജീവനക്കാർ ആരാധകനെ പിടികൂടി ഗ്രൗണ്ടിനു പുറത്തേക്ക് കൊണ്ടുപോയി.

ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ടീം സ്കോർ 165ൽ നിൽക്കെ, ശിവം ദുബെ പുറത്തായതിനു പിന്നാലെയാണ് ധോണി ബാറ്റിങ്ങിനെത്തുന്നത്. ഈസമയം ചെന്നൈക്ക് ജയിക്കാൻ 26 പന്തിൽ 67 റൺസ് വേണമായിരുന്നു. മത്സരത്തിൽ ചെന്നൈ തോറ്റെങ്കിലും ധോണി ആരാധകരെ നിരാശപ്പെടുത്തിയില്ല. 11 പന്തുകൾ നേരിട്ട താരം മൂന്നു സിക്സും ഒരു ഫോറുമടക്കം 26 റൺസ് നേടി പുറത്താകാതെ നിന്നു. 236.36 ആണ് താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്.

ഗുജറാത്ത് കുറിച്ച 232 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനെ സാധിച്ചുള്ളു. ഒരുഘട്ടത്തിൽ 10 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ ചെന്നൈയെ ഡാരിൽ മിച്ചലിന്‍റെയും (34 പന്തിൽ 63) മുഈൻ അലിയുടെയും (36 പന്തിൽ 56) ബാറ്റിങ്ങാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 35 റൺസിന്‍റെ തോൽവി വഴങ്ങിയെങ്കിലും പോയന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തു തന്നെയാണ്. ടീമിന്‍റെ പ്ലേ ഓഫ് സാധ്യത ഇനിയുള്ള രണ്ടു മത്സരങ്ങളെ ആശ്രയിച്ചിരിക്കും. രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകളെയാണ് ഇനി നേരിടാനുള്ളത്.

Tags:    
News Summary - Spectator Invades The Pitch To Touch MS Dhoni's Feet During GT vs CSK IPL 2024 Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.