സെഞ്ച്വറിയുമായി സൂര്യ ഷോ; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

മൗണ്ട് മോംഗനൂ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് 65 റൺസിന്റെ തകർപ്പൻ ജയം. സൂര്യകുമാര്‍ യാദവിന്റെ ഉജ്വല സെഞ്ച്വറിയും ദീപക് ഹൂഡയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോൾ ആതിഥേയരുടെ മറുപടി 126 റൺസിൽ അവസാനിക്കുകയായിരുന്നു. ടിം സൗത്തിയുടെ ഹാട്രിക്കാണ് ഇന്ത്യയെ 200 കടക്കുന്നതിൽനിന്ന് തടഞ്ഞത്.

ഇടക്ക് മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ പതിയെയാണ് ഇന്ത്യ തുടങ്ങിയത്. ഓപണറായെത്തി തപ്പിത്തടഞ്ഞ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിനെ (13 പന്തിൽ ആറ്) തുടക്കത്തിൽ തന്നെ നഷ്ടമായി. ലോക്കി ഫെര്‍ഗൂസന്റെ പന്തിൽ ടിം സൗത്തി പിടിച്ചു പുറത്താക്കുകയായിരുന്നു. സഹഓപണറായെത്തിയ ഇഷാന്‍ കിഷൻ (31 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇഷ് സോധിയുടെ പന്തില്‍ ടിം സൗത്തിക്ക് ക്യാച്ച് നൽകി മടങ്ങി.

നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്കും (13) അധികം ആയുസുണ്ടായില്ല. ലോക്കിയുടെ പന്തില്‍ ഹിറ്റ് വിക്കറ്റാവുകയായിരുന്നു. എന്നാല്‍, വൺഡൗണായെത്തിയ സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് പിടിച്ചുനിന്ന് അടിച്ചു തകർത്തു. ഏഴ് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 51 പന്തില്‍ പുറത്താവാതെ 111 റൺസാണ് സൂര്യ നേടിയത്. അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ (13), ദീപക് ഹൂഡ (0), വാഷിങ്ടണ്‍ സുന്ദര്‍ (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയാണ് സൗത്തി ഹാട്രിക് സ്വന്തമാക്കിയത്. സൂര്യക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍ (1) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 18.5 ഓവറില്‍ 126ന് എല്ലാവരും പുറത്താവുകയായിരുന്നു. 52 പന്തില്‍ 61 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് ടോപ് സ്‌കോറര്‍. കിവീസിന് ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലനെ (0) നഷ്ടമായി. സഹഓപണര്‍ ഡെവോണ്‍ കോണ്‍വെ 22 പന്തിൽ 25 റൺസടിച്ച് മടങ്ങി. പിന്നീടെത്തിയവരില്‍ ആര്‍ക്കും പിടിച്ചുനിൽക്കാനായില്ല. ഗ്ലെന്‍ ഫിലിപ് (12), ഡാരില്‍ മിച്ചല്‍ (10), ജയിംസ് നീഷം (3), മിച്ചല്‍ സാൻഡ്നര്‍ (2), ഇഷ് സോധി (1), ടിം സൗത്തി (0), ആഡം മില്‍നെ (6) എന്നിവാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (1) പുറത്താവാതെ നിന്നു.

ഇന്ത്യക്കായി ദീപക് ഹൂഡ നാലും മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വീതവും ഭുവനേശ്വർ കുമാർ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. അവസാന ട്വന്റി 20 ചൊവ്വാഴ്ച്ച നേപ്പിയറില്‍ നടക്കും.

Tags:    
News Summary - Surya Show with Century; Stunning win for India in the second Twenty20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.