സൂര്യയുടെ അർധസെഞ്ച്വറിയിൽ പിടിച്ചുകയറി ഇന്ത്യ; അഫ്ഗാന് 182 റൺസ് വിജയലക്ഷ്യം

ബർബദോസ്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതി​രായ സൂപ്പർ എട്ട് പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന് 182 റൺസ് വിജയലക്ഷ്യം. ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന സൂപ്പർ താരം വിരാട് കോഹ്‍ലി ഒരിക്കൽ കൂടി നിരാശപ്പെടുത്തിയ മത്സരത്തിൽ സൂര്യകുമാർ യാദവി​ന്റെ തകർപ്പൻ അർധസെഞ്ച്വറിയും ഹാർദിക് പാണ്ഡ്യയുടെ പിന്തുണയുമാണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്. സൂര്യ 28 പന്തിൽ 53 റൺസെടുത്തപ്പോൾ 24 പന്തിൽ 32 റൺസായിരുന്നു പാണ്ഡ്യയുടെ സംഭാവന. നാലോവറിൽ 26 റൺസെടുത്ത് മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഖാനും 33 റൺസ് വഴങ്ങി മൂന്ന് പേരെ മടക്കിയ ഫസൽ ഹഖ് ഫാറൂഖിയുമാണ് അഫ്ഗാൻ ബൗളർമാരിൽ തിളങ്ങിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 13 പന്തിൽ എട്ട് റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ഫസൽ ഹഖ് ഫാറൂഖിയുടെ പന്തിൽ റാഷിദ് ഖാന് പിടികൊടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ 11 റൺസായിരുന്നു അപ്പോൾ. രണ്ടാം വിക്കറ്റിൽ വിരാട് കോഹ്‍ലിയും ഋഷബ് പന്തും പിടി​ച്ചുനിന്നെങ്കിലും പന്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി റാഷിദ് ഖാൻ അടുത്ത തിരിച്ചടി നൽകി. 11 പന്തിൽ 20 റൺസാണ് പന്ത് നേടിയത്. കോഹ്‍ലിയുടെ ഊഴമായിരുന്നു അടുത്തത്. 24 പന്തിൽ അത്രയും റൺസെടുത്ത കോഹ്‍ലിയെ റാഷിദ് ഖാന്റെ പന്തിൽ ബൗണ്ടറി ലൈനിൽ മുഹമ്മദ് നബി പിടികൂടുകയായിരുന്നു. ഇതോടെ ഇന്ത്യ 8.3 ഓവറിൽ മൂന്നിന് 62 റൺസെന്ന നിലയിലേക്ക് വീണു.

ഒരുവശത്ത് അടിച്ചുകളിച്ച സൂര്യകുമാറിന് കൂട്ടായി ശിവം ദുബെ എത്തിയെങ്കിലും നിരാശപ്പെടുത്തി. ഏഴ് പന്തിൽ 10 റൺസെടുത്ത ദുബെയെയും റാഷിദ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്നെത്തിയ ഹാർദിക് പാണ്ഡ്യ സൂര്യക്കൊപ്പം ചേർന്നതോടെയാണ് ഇന്ത്യൻ ഇന്നിങ്സിന് ജീവൻ വെച്ചത്. എന്നാൽ, അർധസെഞ്ച്വറി തികച്ചയുടൻ സൂര്യ മടങ്ങി. 28 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 53 റൺസെടുത്ത താരത്തെ ഫസലുൽ ഹഖ് ഫാറൂഖി​ മുഹമ്മദ് നബിയുടെ കൈയിലെത്തിക്കുകയായിരുന്നു.

നവീനുൽ ഹഖിന്റെ പന്തിൽ എൽ.ബി.ഡബ്ലൂവിൽ കുടുങ്ങിയ പാണ്ഡ്യ ഡി.ആർ.എസിലൂടെ ആയുസ് നീട്ടിയെങ്കിലും തൊട്ടടുത്ത പന്തിൽ അസ്മതുല്ല ഒമർസായിക്ക് പിടികൊടുത്തു. 24 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 32 റൺസാണ് പാണ്ഡ്യ നേടിയത്. വൈകാതെ രവീന്ദ്ര ജദേജയും (അഞ്ച് പന്തിൽ ഏഴ്) തിരിച്ചുകയറി. ആറ് പന്തിൽ 12 റൺസെടുത്ത അക്സർ പട്ടേൽ അവസാന പന്തിൽ റണ്ണൗട്ടായതോടെ ഇന്ത്യൻ സ്കോർ എട്ട് വിക്കറ്റിന് 181ൽ ഒതുങ്ങി. രണ്ട് റൺസുമായി അർഷ്ദീപ് സിങ് പുറത്താകാതെനിന്നു.    

Tags:    
News Summary - Surya's half-century lifted India; 182 runs target for Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.