ട്വന്‍റി20 ലോകകപ്പ്: ഉദ്ഘാടനത്തിൽ കടംവീട്ടി കിവികൾ; ഓസീസ് തോൽവി 89 റൺസിന്

സിഡ്നി: ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി ആതിഥേയർ. ഗ്രൂപ് ഒന്നിൽ ന്യൂസിലൻഡ് 89 റൺസിനാണ് ആസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഓസീസിനോടേറ്റ തോൽവിക്ക് മറുപടി നൽകിത്തന്നെ തുടങ്ങാൻ കിവികൾക്കായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 20 ഓവറിൽ 200 റൺസെന്ന വൻ ടോട്ടൽ പടുത്തുയർത്തി. മറുപടി‍യിൽ 17.1 ഓവറിൽ 111 റൺസിന് കംഗാരുനാട്ടുകാർ തിരിച്ചുകയറി. അപരാജിതനായി 58 പന്തിൽ 92 റൺസടിച്ച ഓപണർ ഡെവോൺ കോൺവേയുടെ ബാറ്റിങ്ങാണ് ന്യൂസിലൻഡിനെ 200ൽ എത്തിച്ചത്. സഹ ഓപണർ ഫിൻ അലൻ (16 പന്തിൽ 42), ജെയിംസ് നീഷം (13 പന്തിൽ 26 നോട്ടൗട്ട്) എന്നിവരും തിളങ്ങി.

തകർച്ചയോടെ തുടങ്ങിയ ആസ്ട്രേലിയയുടെ വിക്കറ്റുകൾ മുറക്ക് വീണു. 20 പന്തിൽ 28 റൺസെടുത്ത ഗ്ലെൻ മാക്സ് വെല്ലാണ് ടോപ് സ്കോറർ. ടിം സോത്തീ 2.1 ഓവറിൽ ആറു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത് കിവി ബൗളിങ്ങിൽ കേമനായി. മിച്ചൽ സാന്റ്നറും മൂന്നുപേരെ മടക്കിയപ്പോൾ ട്രെൻഡ് ബോൾട്ട് രണ്ടുപേരെയും പുറത്താക്കി.

അഫ്ഗാൻ കീഴടക്കി ഇംഗ്ലണ്ട്

പെർത്ത്: ട്വന്റി20 ലോകകപ്പ് സൂപ്പർ 12ൽ ഗ്രൂപ് ഒന്നിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 19.4 ഓവറിൽ 112ന് പുറത്തായി. ഇംഗ്ലണ്ട് 18.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

3.4 ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത സാം കറനാണ് അഫ്ഗാനെ തകർത്തത്. ഇബ്രാഹിം സദ്റാൻ (32), ഉസ്മാൻ ഖനി (30) എന്നിവരൊഴികെയുള്ളവരെല്ലാം പരാജയമായി. 21 പന്തിൽ 29 റൺസുമായി പുറത്താവാതെ നിന്ന ലിയാം ലിവിങ്സ്റ്റനാണ് ഇംഗ്ലീഷ് ടോപ് സ്കോറർ.

Tags:    
News Summary - T20 World Cup 2022: NZ thrash AUS by 89 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.