ദുബൈ: ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്താനെ ഒമ്പതു വിക്കറ്റിന് തകർത്ത് യു.എ.ഇക്ക് ഉജ്ജ്വല ജയം. ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്തിയാണ് യു.എ.ഇ വിജയം കൊയ്തത്. 50 പന്തിൽ 91 റൺസെടുത്ത ഓപണർ മുഹമ്മദ് വസീമാണ് യു.എ.ഇയെ വിജയത്തിലെത്തിച്ചത്. സ്കോർ: അഫ്ഗാനിസ്താൻ: 137/6 (20). യു.എ.ഇ: 138 /1 (18.2).
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത അഫ്ഗാനെ തുടക്കം മുതൽ യു.എ.ഇ ബൗളർമാർ വരിഞ്ഞുമുറുക്കിയിരുന്നു. നജീബുള്ള സദ്രാൻ (29 പന്തിൽ 37), ഹസ്റത്തുല്ല സെസായ് (29 പന്തിൽ 27) എന്നിവർക്കു മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സഹൂർ ഖാനും സവാർ ഫാരിദുമാണ് ബൗളിങ് നിരയെ നയിച്ചത്. ജുനൈദ് സിദ്ദീഖ്, ആകിഫ് രാജ എന്നിവർ ഓരോ വിക്കറ്റെടുത്തു.
138 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യു.എ.ഇക്കായി മുഹമ്മദ് വസീം തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. ഏഴു സിക്സും എട്ടു ഫോറും അടങ്ങുന്നതാണ് വസീമിന്റെ ഇന്നിങ്സ്. മറുവശത്ത് വൃത്യ അരവിന്ദ് 46 പന്തിൽ 38 റൺസെടുത്ത് ഒരറ്റം കാത്തു. 14ാം ഓവറിൽ വസീം പുറത്തായെങ്കിലും പിന്നാലെയെത്തിയ നായകൻ സി.പി. റിസ്വാൻ (ഒമ്പത്) കൂടുതൽ നഷ്ടമില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. വസീമാണ് മാൻ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.