താരങ്ങളെയും സ്റ്റാഫിനെയും പുറത്താക്കു! പാകിസ്താനെതിരെ ജയിച്ചിട്ടും ഇന്ത്യൻ വനിത ടീമിനുനേരെ രൂക്ഷ വിമർശനം

ദുബൈ: വനിത ട്വന്‍റി20 ലോകകപ്പിൽ രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ ജയിച്ചിട്ടും ഇന്ത്യൻ ടീമിനുനേരെ രൂക്ഷവിമർശനവുമായി ആരാധകർ.

ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനു മുന്നിൽ നാണംകെട്ട ഇന്ത്യക്ക് സെമി ഫൈനൽ സാധ്യത സജീവമക്കാൻ പാക് ടീമിനെതിരെ വിജയം അനിവാര്യമായിരുന്നു. 58 റൺസിനാണ് ഇന്ത്യ കീവീസിനോട് തോറ്റത്. ഇതോടെ ഇന്ത്യയുടെ റൺ റേറ്റ് കൂപ്പുകുത്തിയിരുന്നു. പാകിസ്താനെ ചെറിയ സ്കോറിൽ ഒതുക്കിയ ഇന്ത്യക്ക് നെറ്റ് റൺറേറ്റ് ഉയർത്താനുള്ള മികച്ച അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താത്തതാണ് ആരാധക രോഷത്തിന് കാരണം. ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ 105 റൺസിൽ ഒതുക്കിയിരുന്നു.

മറുപടി ബാറ്റിങ്ങിൽ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. നിലവിൽ അഞ്ച് ടീമുകളുടെ ഗ്രൂപ്പില്‍ ഓരോ ജയവും തോല്‍വിയുമായി നാലാമതാണ് ഇന്ത്യ. -1.217 ആണ് റണ്‍റേറ്റ്. ആദ്യ മത്സരത്തിൽ ന്യൂസിലന്‍ഡിനോട് തോറ്റതോടെ റൺ റേറ്റ് -2.90ലേക്ക് വീണു. രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ ജയിച്ചതോടെ അൽപം മെച്ചപ്പെട്ടു -1.217. പാകിസ്താനെതിരെ 11 ഓവറില്‍ ജയം നേടാനായിരുന്നെങ്കില്‍ ഇന്ത്യയുടെ റൺ റേറ്റ് +0.084 ആവുമായിരുന്നു. എന്നാൽ, വിക്കറ്റുകൾ കൈയിലുണ്ടായിട്ടും പ്രതിരോധിച്ചു കളിക്കുകയാണ് ഇന്ത്യ ചെയ്തത്.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പരിക്കേറ്റ് കളംവിട്ടതും ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നു. ഗ്രൂപ്പിലെ ന്യൂസീലന്‍ഡ് (+2.900), ആസ്‌ട്രേലിയ (+1.908), പാകിസ്താന്‍ (+0.555) എന്നീ ടീമുകളുടെ റണ്‍റേറ്റ് ഇന്ത്യയുടേതിനും മേലെയാണ്. രണ്ട് കളികളും തോറ്റ ശ്രീലങ്ക മാത്രമാണ് ഇന്ത്യയുടെ പിറകിലുള്ളത്. ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സറ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശ്രീലങ്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ മാത്രമേ ഇന്ത്യക്ക് റൺറേറ്റ് മെച്ചപ്പെടുത്താനാകു.

ആസ്ട്രേലിയയുമായാണ് ഗ്രൂപ്പിലെ അവസാന മത്സരം. അടുത്ത മത്സരത്തില്‍ റണ്‍റേറ്റ് മെച്ചപ്പെടുത്തിയില്ലെങ്കിൽ, ന്യൂസീലന്‍ഡ്-ആസ്‌ട്രേലിയ മത്സരത്തെ ആശ്രയിക്കേണ്ടിവരും ഇന്ത്യക്ക്. ന്യൂസീലന്‍ഡ് ആസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും തുടര്‍ന്ന് ഇന്ത്യ ശ്രീലങ്ക, ആസ്‌ട്രേലിയ ടീമുകളെ തോല്‍പ്പിക്കുകയും ചെയ്താല്‍ സെമിയിലേക്ക് പ്രവേശിക്കാം. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ആസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യക്ക് ഇരുടീമില്‍ ഏതെങ്കിലുമൊന്നിനേക്കാള്‍ റണ്‍റേറ്റ് കൂടുതല്‍ വേണ്ടിവരും.

ആസ്ട്രേലിയയെ പോലൊരു ടീമിനെ നേരിടാനിരിക്കെ നെറ്റ് റൺ റേറ്റ് നിർണായകമായ ടൂർണമെന്‍റിൽ പ്രതിരോധ ബാറ്റിങ് കളിക്കാനുള്ള ഇന്ത്യൻ വനിത ടീം പരിശീലകന്‍റെയും ക്യാപ്റ്റന്‍റെയും തീരുമാനം ശരിയായില്ലെന്ന് ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇന്ത്യൻ ടീം സ്റ്റാഫുകളെയും ഏതാനും താരങ്ങളെയും പുറത്താക്കണമെന്ന് മറ്റൊരു ആരാധകൻ വിമർശിച്ചു.

Tags:    
News Summary - Team India Brutally Slammed Despite Win Over Pakistan In Women's T20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.