മോശം കൂട്ടുകെട്ടുകള്‍ ടീം ഇന്ത്യ പ്രോത്സാഹിപ്പിക്കാറില്ല! ഇതാ മറവിയിലാണ്ട ഓപണിങ് സഖ്യങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓപണിങ് സഖ്യമേതാണ്? സച്ചിന്‍-ഗാംഗുലി, സച്ചിന്‍-സെവാഗ്, സെവാഗ്-ഗാംഗുലി, രോഹിത്-ധവാന്‍ ഇങ്ങനെ പോകുന്നു പെട്ടെന്ന് എടുത്തു പറയാന്‍ പറ്റുന്ന ഇഷ്ട സഖ്യങ്ങള്‍. ഇവരോടുള്ള ആരാധന മൂത്തിട്ടൊന്നുമല്ല, ഇവര്‍ ഓപണര്‍മാരായി നടത്തിയ ക്ലാസിക് ഇന്നിങ്സുകള്‍ തന്നെയാണ് വേറിട്ടുനിര്‍ത്തുന്നത്.

മികച്ച ഓപണിങ് സഖ്യത്തെ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആ കോമ്പിനേഷന്‍ ഒത്തുവരണം. രണ്ടുപേര്‍ തമ്മിലുള്ള പരസ്പര ബഹുമാനവും ധാരണയും ആശയവിനിമയവും എല്ലാം ചേര്‍ന്നാല്‍ മാത്രമേ മികച്ച കോമ്പിനേഷനാകാന്‍ സാധിക്കൂ. ഇതൊക്കെ പരിഗണിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ സഖ്യങ്ങള്‍ തന്നെയാണ് ഇന്ത്യയുടെ മികച്ച ഓപണിങ് കൂട്ടുകെട്ടുകള്‍.

എന്നാല്‍, ഒപ്പം കളിച്ചവര്‍ പോലും ഇന്ന് ഓര്‍ക്കാനിടയില്ലാത്ത ഓപണിങ് കൂട്ടുകെട്ടുകള്‍ ഇന്ത്യ പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ക്രിക്കറ്റിന് പുറത്ത് ശത്രുതയില്‍ കഴിയുന്ന ദിനേശ് കാര്‍ത്തികും മുരളി വിജയും ഇന്ത്യക്കായി ഓപണ്‍ ചെയ്തത് എത്ര പേര്‍ ഓര്‍ത്തിരിക്കുന്നു. 2010 ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു ഇത്. നാല് റണ്‍സ് മാത്രമാണ് സഖ്യത്തിന് നേടാനായത്. ദിനേശ് കാര്‍ത്തികിന്റെ ഭാര്യയെയാണ് മുരളി വിജയ് സ്‌നേഹിച്ച് വിവാഹം ചെയ്തത്.

പാര്‍ഥിവ് പട്ടേലും മനോജ് തിവാരിയും 2011ല്‍ ഇന്ത്യക്കായി ഇന്നിങ്സ് ഓപണ്‍ ചെയ്തു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലായിരുന്നു ഇവര്‍ ഒരുമിച്ചത്. 20 റണ്‍സ് മാത്രമാണ് ഈ സഖ്യത്തിന് നേടാനായത്. വിരാട് കോലിയും ഇര്‍ഫാന്‍ പഠാനും ഓപണര്‍മാരായി ഒരുമിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരെ ധാംബുള്ളയില്‍ നടന്ന മത്സരത്തില്‍. ഇന്ത്യ ആ മത്സരം ജയിച്ചു. വിരാട് മൂന്നാം നമ്പറിലും പഠാന്‍ ഏഴാം സ്ഥാനത്തുമാണ് പൊതുവെ ബാറ്റിങ്ങിന് ഇറങ്ങാറുള്ളത്.

ടെസ്റ്റ് സ്പഷലിസ്റ്റായ ചേതേശ്വര്‍ പുജാര 2013ല്‍ ശിഖര്‍ ധവാനൊപ്പം ഇന്നിങ്സ് ഓപണ്‍ ചെയ്തു. സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു ഈ കൂട്ടുകെട്ട്. പുജാര പൂജ്യത്തിന് പുറത്തായതോടെ ആ സഖ്യത്തെ പിന്നീട് പരീക്ഷിച്ചിട്ടില്ല. ഓപണിങ് ബാറ്ററായി മൂന്ന് ഫോര്‍മാറ്റിലും തിളങ്ങുന്ന കെ.എല്‍ രാഹുലും അമ്പാട്ടി റായിഡുവും ഒരുമിച്ചിറങ്ങിയിട്ടുണ്ട്. സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു അത്. നാലാം നമ്പറില്‍ ഇറങ്ങിയിരുന്ന റായിഡുവിനെ പിന്നീടധികം മത്സരങ്ങളില്‍ ഓപണറായി പരീക്ഷിച്ചിട്ടില്ല.

Tags:    
News Summary - Team India does not encourage bad partnerships! Here are some failed opening partnerships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.