ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും വെസ്റ്റിൻഡീസിനെതിരായ ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കാത്തതിന്‍റെ നിരാശ ആരാധകരിൽ പ്രകടമായിരുന്നു. ടോസിന് ശേഷം സഞ്ജു ടീമിലില്ലെന്ന് മനസ്സിലായതോടെ ആരാധകരുടെ വിമർശന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനാണ് ടീമിലുണ്ടായിരുന്നത്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യൻ താരങ്ങൾക്കൊപ്പം സഞ്ജുവിന്‍റെ പേരെഴുതിയ ഒമ്പതാം നമ്പർ ജഴ്സിയും ധരിച്ചൊരാളെ ഗ്രൗണ്ടിൽ കണ്ടത് ഒരുവേള ആരാധകരെയെല്ലാം ആശയക്കുഴപ്പത്തിലാക്കി. പ്ലെയിങ് ഇലവനിൽ ഇടമില്ലാത്ത സഞ്ജു എങ്ങനെ ഗ്രൗണ്ടിലെത്തിയെന്നായി പലരുടെയും സംശയം.
എന്നാൽ, സൂര്യകുമാർ യാദവാണ് സഞ്ജുവിന്‍റെ ജഴ്സിയണിഞ്ഞ് കളിക്കാനിറങ്ങിയത്. സൂര്യയുടെ പാകത്തിനുള്ള ജഴ്സി കിട്ടാൻ വൈകിയതോടെയാണ് സഞ്ജുവിന്‍റെ ജഴ്സി ‘കടംവാങ്ങി’ താരത്തിന് കളിക്കേണ്ടി വന്നത്. ട്വന്‍റി20 ക്രിക്കറ്റിലെ നമ്പർ വൺ ബാറ്ററായ സൂര്യകുമാർ സാധാരണയായി വലിയ വണ്ണമുള്ള ജഴ്സിയാണ് ധരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) മാനദണ്ഡപ്രകാരം ജഴ്സിക്കു പിന്നിൽ പേരെഴുതിയ സ്റ്റിക്കർ പതിക്കാനാകില്ല. മറ്റു വഴികളൊന്നും ഇല്ലാതെ വന്നതോടെയാണ് സഞ്ജുവിന്‍റെ പേരുള്ള ജഴ്സി തന്നെ ധരിക്കേണ്ടിവന്നത്.
സൂര്യയെ കളിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സഞ്ജുവിനെ പ്ലെയിങ് ഇലവനിൽനിന്ന് തഴഞ്ഞതെന്ന വിമർശനവും ഇതിനിടെ ഉയർന്നിരുന്നു. പ്രിയതാരത്തിന്‍റെ ജഴ്സി ധരിച്ച് കളിക്കുന്ന സൂര്യകുമാർ യാദവിനെ കൂടി കണ്ടതോടെ ആരാധകരുടെ രോഷം ഇരട്ടിയായി. രണ്ടാം ഏകദിനത്തിലും മറ്റൊരു താരത്തിന്‍റെ ജഴ്സി ധരിച്ചുതന്നെ സൂര്യക്ക് കളിക്കേണ്ടിവരും. ട്വന്‍റി20 ടീമിലേക്ക് മാത്രം തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്കൊപ്പമാണ് സൂര്യയുടെ പുതിയ ജഴ്സി ബി.സി.സി.ഐ കൊടുത്തുവിടുന്നത്. സംഘം കരീബിയൻ ദ്വീപിലെത്താൻ ഇനിയും വൈകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.