തിരുവനന്തപുരം: ഇടവേളക്കുശേഷം വീണ്ടുമൊരു ഏകദിന മത്സരത്തിന് കാര്യവട്ടം ആതിഥേയത്വം വഹിക്കുമ്പോൾ ട്വന്റി20 മത്സരത്തിനൊരുക്കിയ പിച്ചിന്റെ പേരുദോഷം ഒഴിവാക്കാൻകൂടി സംഘാടകർ ലക്ഷ്യമിടുന്നു. ബാറ്റിങ് അനുകൂല പിച്ചാണ് ഇന്ത്യ-ശ്രീലങ്ക അവസാന ഏകദിനത്തിന് ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 300ലധികം റൺസ് സ്കോർ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മികച്ച വേഗമുള്ള ഔട്ട്ഫീൽഡാണ് ഗ്രീൻഫീൽഡിലേത്. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ് മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാശോന്മുഖമായ സ്റ്റേഡിയം അറ്റകുറ്റപ്പണികൾ നടത്തിയാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നടത്തിയത്. ട്വന്റി20 മത്സരത്തിന്റെ പ്രത്യേകത പരിഗണിച്ച് ബാറ്റിങ് അനുകൂല പിച്ചാണ് ക്യൂറേറ്റർ ബിജുവിന്റെ നേതൃത്വത്തിൽ ഒരുക്കിയത്. എന്നാൽ മത്സരം തുടങ്ങിയപ്പോൾ തന്നെ പിച്ച് ബൗളർമാരെ തുണക്കുന്നതാണെന്ന് വ്യക്തമായി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റർമാർ വളരെപെട്ടെന്നാണ് കൂടാരം കയറിയത്. സന്ദർശകർ വളരെ കുറഞ്ഞ സ്കോറിന് ഓൾഔട്ടാകുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുൻനിര ബാറ്റർമാരാവട്ടെ പെട്ടെന്ന് പുറത്താവുകയും ചെയ്തു. ഇഴഞ്ഞിഴഞ്ഞാണ് ഇന്ത്യ മത്സരം ജയിച്ചത്. പക്ഷേ, അത് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) നാണക്കേടായി.
ആ സാഹചര്യത്തിൽ പുതിയ പിച്ചാണ് ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിനായി ഒരുക്കിയത്. പരമാവധി റണ്‍സ് ബാറ്റര്‍മാര്‍ക്ക് നേടാന്‍ കഴിയുന്ന തരത്തിലാണ് പിച്ച് തയാറാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍മാര്‍ പറയുന്നു.
മുൻ മത്സരത്തിലുണ്ടായിരുന്നതിനേക്കാൾ 600 സീറ്റുകൾ ഇത്തവണ കുറയും. 39,572 സീറ്റുകളിലാകും കാണികളെ പ്രവേശിപ്പിക്കുക. മത്സരം ആരംഭിക്കുന്നതിന് മുമ്പ് വരെ ടിക്കറ്റ് ലഭിക്കുമെന്നും മുൻ മത്സരങ്ങളേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപനയെന്നും സംഘാടകർ പറയുന്നു.
ഞായറാഴ്ച ഉച്ചക്ക് 1.30 മുതലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ഇന്ന് ടീമുകൾ പരിശീലനത്തിന് ഇറങ്ങും. ഉച്ചക്ക് ഒരുമണി മുതൽ നാലുവരെ ശ്രീലങ്കയും അഞ്ചുമുതൽ എട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും. രാവിലെ 10.30 മുതൽ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനമുണ്ടാകും.
ഗ്രീൻഫീൽഡിലെ മാണ്ഡ്യ പിച്ചിലാണ് ഇന്ത്യ-ശ്രീലങ്ക മത്സരം. മൂന്ന് സെന്റർ പിച്ചുകളാണ് മത്സരത്തിനായി തയാറാക്കിയത്. ഇതിൽ കർണാടകയിലെ മാണ്ഡ്യയിൽനിന്നുള്ള കളിമണ്ണ് കൊണ്ട് നിർമിച്ച പിച്ചാണ് ‘മാണ്ഡ്യ പിച്ച്’. മാണ്ഡ്യ പിച്ചിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ആഭ്യന്തര മത്സരങ്ങൾ മാത്രമാണ് ഈ പിച്ചിൽ കളിച്ചിട്ടുള്ളത്. ശേഷിക്കുന്ന രണ്ട് പിച്ചുകളും കേരളത്തിലെ കളിമണ്ണ് കൊണ്ടാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.