ലോകകപ്പിൽ പാകിസ്താന്റെ സെമിഫൈനൽ സാധ്യതകൾ കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരെ ന്യൂസിലാൻഡ് നേടിയ അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ഏറക്കുറെ അവസാനിച്ചിരിക്കുകയാണ്. സെമിയിൽ കടക്കാൻ അപ്രാപ്യമായ ലക്ഷ്യമാണ് ഇനി അവർക്ക് മുന്നിലുള്ളത്. അവശേഷിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 287 റൺസിനോ അതിന് മുകളിലോ വലിയ ജയം നേടണം. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ 284 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം അടിച്ചെടുക്കണം. ശനിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് പാകിസ്താൻ-ഇംഗ്ലണ്ട് മത്സരം.
ഈ ലക്ഷ്യം അപ്രാപ്യമാണെന്ന തിരിച്ചറിവിൽ ടീമിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുൻ ക്യാപ്റ്റൻ വസീം അക്രം. ‘കണക്ക് പ്രകാരം അതിപ്പോഴും സാധ്യമാണ്. പാകിസ്താൻ ആദ്യം ബാറ്റ് ചെയ്യുകയും ശേഷം ഇംഗ്ലണ്ട് ടീമിനെ ഡ്രസ്സിങ് റൂമിൽ 20 മിനിറ്റ് പൂട്ടിയിടുകയും ചെയ്യുക. ഇതോടെ അവരെല്ലാവരും ടൈംഡ് ഔട്ടാകും’, അക്രം ‘എ സ്പോർട്സ്’ ചാനലിനുവേണ്ടിയുള്ള ടോക് ഷോയിൽ ചിരിയോടെ പറഞ്ഞു. എന്നാൽ, ‘ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ് ചെയ്യാൻ അനുവദിക്കുകയും അതിനുശേഷം ഡ്രസ്സിങ് റൂമിൽ പൂട്ടുകയും ചെയ്യുക’ എന്നതായിരുന്നു ഒപ്പമുണ്ടായിരുന്ന മുൻ പാക് താരം മിസ്ബാഹുൽ ഹഖിന്റെ ‘ഉപദേശം’.
സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർ ഇതേ രൂപത്തിലുള്ള ട്രോളുകളുകളുമായി പാകിസ്താന്റെ സെമി സാധ്യത വിലയിരുത്തി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.