ന്യൂഡൽഹി: ഇന്ത്യ -ബംഗ്ലാദേശ് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ബുധനാഴ്ച അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം (ഫിറോസ് ഷാ കോട് ല സ്റ്റേഡിയം) വേദിയാവും. ആദ്യ കളിയിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയ ആതിഥേയർക്ക് ഇന്നും ബംഗ്ലാദേശിനെ തോൽപിക്കാനായാൽ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാം. മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയെ രംഗത്തിറക്കിയ ഇന്ത്യ ഓൾ റൗണ്ട് മികവുമായാണ് ഗ്വാളിയോർ പോരാട്ടം ജയിച്ചത്.
വിജയ ഇലവനിൽ പരിശീലകൻ ഗൗതം ഗംഭീറും നായകൻ സൂര്യകുമാർ യാദവും പരീക്ഷണങ്ങൾക്ക് മുതിരാൻ സാധ്യതയില്ല. അഭിഷേക് ശർമക്കൊപ്പം ഓപണറായി രംഗത്തിറക്കിയ മലയാളി താരം സഞ്ജു സാംസൺ 19 പന്തിൽ 29 റൺസടിച്ച് വിശ്വാസം കാത്തു. സൂര്യയും ഹാർദിക് പാണ്ഡ്യയും ബാറ്റിങ്ങിൽ മിന്നിയതോടെ ഇന്ത്യ 11.5 ഓവറിൽ 11.15 റൺറേറ്റിൽ 132 റൺസ് നേടി വിജയത്തിൽ തൊട്ടു. ദീർഘനാളത്തെ ഇടവേളക്ക് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയ സ്പിന്നർ വരുൺ ചക്രവർത്തി മൂന്നും അരങ്ങേറ്റക്കാരൻ പേസർ മായങ്ക് യാദവ് 5.25 എക്കണോമിയിൽ ഒരു വിക്കറ്റുമെടുത്ത് ബൗളിങ്ങിൽ മികവ് കാട്ടി. ടെസ്റ്റ് പരമ്പരയിൽ ഏകപക്ഷീയമായി കീഴടങ്ങിയ ബംഗ്ലാദേശിന് ട്വന്റി20യും ഒറ്റയടിക്ക് വിട്ടുകൊടുക്കുക വയ്യ. പ്രകടനം മെച്ചപ്പെടുത്തി തിരിച്ചുവരുമെന്നാണ് നായകൻ നജ്മുൽ ഹുസൈൻ ഷാന്റോയുടെ പ്രഖ്യാപനം.
ടീം ഇവരിൽനിന്ന്
ഇന്ത്യ- സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, റയാൻ പരാഗ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, മായങ്ക് യാദവ്, രവി ബിഷ്ണോയ്, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, ജിതേഷ് ശർമ, ഹർഷിത് റാണ.
ബംഗ്ലാദേശ് -നജ്മുൽ ഹുസൈൻ ഷാന്റോ (ക്യാപ്റ്റൻ), തൻസീദ് ഹസൻ തമീം, പർവേസ് ഹുസുൻ ഇമോൻ, തൗഹിദ് ഹൃദോയ്, മഹ്മൂദുല്ല, ലിറ്റൺ കുമർ ദാസ്, ജാക്കർ അലി അനിക്, മെഹ്ദി ഹസൻ മിറാസ്, ഷാക് മെഹ്ദി ഹസൻ, റിഷാദ് ഹുസൈൻ, മുസ്തഫിസുർറഹ്മാൻ, തസ്കിൻ അഹ്മദ്, ശരീഫുൽ ഇസ്ലാം, തൻസിം ഹസൻ സാകിബ്, റാകിബുൽ ഹസൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.