ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; ശ്രേയസ്സിനും രാഹുലിനും സെഞ്ച്വറി; നെതർലൻഡ്സിന് 411 റൺസ് വിജയലക്ഷ്യം

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകർക്ക് ദീപാവലി വെടിക്കെട്ട് സമ്മാനിച്ച് ശ്രേയസ്സ് അയ്യരും കെ.എൽ. രാഹുലും. ഇരുവരും നേടിയ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ലോകകപ്പ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 410 റൺസെടുത്തു.

ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്കോറാണിത്. 94 പന്തിൽ 128 റൺസുമായി ശ്രേയസ്സ് പുറത്താകാതെ നിന്നു. അഞ്ചു സിക്സും 10 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. 84 പന്തിലാണ് താരം സെഞ്ച്വറി കുറിച്ചത്. കരിയറിലെ നാലാം ഏകദിന സെഞ്ച്വറി കൂടിയാണിത്. രാഹുൽ 64 പന്തിൽ 102 റൺസെടുത്തു. നാലു സിക്സും 11 ഫോറും. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 208 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്.

ഈ ലോകകപ്പിൽ രാഹുലിന്‍റെ രണ്ടാമത്തെയും ശ്രേയസ്സിന്‍റെ ആദ്യത്തെയും സെഞ്ച്വറിയാണിത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഗംഭീര തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 11.5 ഓവറിൽ 100 റൺസാണ് അടിച്ചെടുത്തത്. 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സുമടക്കം 51 റണ്‍സെടുത്ത ഗില്ലിനെ പോള്‍ വാന്‍ മീകെറെന്‍ പുറത്താക്കി. പിന്നാലെ സൂപ്പര്‍താരം വിരാട് കോഹ്ലി ക്രീസിലെത്തി. കോലിയെ സാക്ഷിയാക്കി രോഹിത് അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ രോഹിത്തും വീണു. 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 61 റണ്‍സെടുത്ത രോഹിത്തിനെ ബാസ് ഡി ലീഡ് പുറത്താക്കി.

ഇന്ത്യ 129 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. കോഹ്ലിയും ശ്രേയസ്സും ശ്രദ്ധയോടെ ബാറ്റേന്തി ടീം സ്കോർ 200ൽ എത്തിച്ചു. പിന്നാലെ 53 പന്തിൽ 51 റൺസെടുത്ത് കോഹ്ലിയും മടങ്ങി. താരത്തിന്‍റെ 71ാം അർധ സെഞ്ച്വറിയാണിത്. വാൻ ഡെർ മെർവിന്‍റെ പന്തിൽ കോഹ്ലി ബൗൾഡാകുകയായിരുന്നു. 50ാം ഏകദിന സെഞ്ച്വറിക്കായി ആരാധകർക്ക് ഇനിയും കാത്തിരിക്കണം. രണ്ടു റണ്ണുമായി സൂര്യകുമാർ യാദവ് പുറത്താകാതെ നിന്നു.

ഡച്ചുകാർക്കായി ബാസ് ഡി ലീഡ് രണ്ടു വിക്കറ്റെടുത്തു. നെതർലൻഡ്സ് നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു.

Tags:    
News Summary - Tons From Shreyas Iyer, KL Rahul Propel India To 410/4 vs Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.