ഹെഡാഭിഷേകം: റെ​ക്കോ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി ട്രാവിസ് ഹെഡ്-അഭിഷേക് ശർമ ഓപണിങ് കൂട്ട്

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ റെക്കോഡുകളുടെ പെരുമഴ പെയ്യിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യ ടോട്ടലുകളിൽ മൂന്നും ഈ സീസണിൽ ടീമിന്റെ പേരിലുണ്ട്. ഇതിൽ മികച്ച പങ്കുവഹിച്ച ട്രാവിസ് ഹെഡ്-അഭിഷേക് ശർമ കൂട്ടുകെട്ട് കഴിഞ്ഞ ദിവസം ലഖ്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഹൈദരാബാദിന് സമ്മാനിച്ചത് ഒരു പിടി റെക്കോഡുകൾ കൂടി. ഹൈദരാബാദിനു മുന്നിൽ ലഖ്നോ വെച്ച 166 റൺസ് ലക്ഷ്യത്തിൽ ടീമിനെ വിക്കറ്റ് നഷ്ടപ്പെടാതെ ഹെഡും അഭിഷേകും എത്തിച്ചത് വെറും 58 പന്തുകളിൽ. ഏറ്റവും കുറഞ്ഞ പന്തുകളിൽ ചേസ് ചെയ്യുന്ന ഉയർന്ന സ്കോറായിരുന്നു ഇത്. നിലവിലെ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപണിങ് ജോടിയുമായി ഹെഡും അഭിഷേകും. ഒമ്പത് ഇന്നിങ്സുകളിൽ 584 റൺസാണ് ഇവരുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്.

ലഖ്നോക്കെതിരെ ഹെഡ് 30 പന്തിൽ 89ഉം അഭിഷേക് 28 പന്തിൽ 75ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. പത്ത് ഓവറിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് 9.4 ഓവറിൽ മാത്രം ഇവർ സ്കോർ ചെയ്ത 167. ഇതേ സീസണിൽ ഡൽഹി കാപിറ്റൽസിനെതിരെ ഹൈദരാബാദ് തന്നെ നേടിയ നാല് വിക്കറ്റിന് 158 റൺസായിരുന്നു നിലവിലെ റെക്കോഡ്. വിക്കറ്റ് പോകാതെ വേഗത്തിൽ ചേസ് ചെയ്ത് നേടുന്ന ഉയർന്ന സ്കോറെന്ന റെക്കോഡ് ഹെഡും അഭിഷേകും ചേർന്ന് നേടിയപ്പോൾ പഴങ്ക‍ഥ‍യായത് 2008ൽ മുംബൈ ഇന്ത്യൻസിനെതിരെ ഡെക്കാൻ ചാർജേഴ്സ് 12 ഓവറിൽ മറികടന്ന 155. നടപ്പു സീസണിലെ ഏറ്റവും വലിയ ഓപണിങ് കൂട്ടുകെട്ടുമായി ഹെഡ്-അഭിഷേക് സഖ്യത്തിന്റെ 167. പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫിൽ സാൾട്ട്-സുനിൽ നരേയ്ൻ കൂട്ടുകെട്ട് നേടിയ 138 റൺസ് ഇതോടെ രണ്ടാമതായി.

ആസ്ട്രേലിയൻ ഓപണറായ ഹെഡിന്റെ ഫോം ട്വന്റി20 ലോകകപ്പിൽ ടീമിന് ഗുണം ചെയ്യും. അതേസമയം, 23കാരനായ പഞ്ചാബി ബാറ്റർ അഭിഷേകിന് ഇനി‍യും ഇന്ത്യൻ സംഘത്തിലേക്ക് വിളിയെത്തിയിട്ടില്ല.

ഹെ​ഡ്-​അ​ഭി​ഷേ​ക് ജോ​ടി @ ഐ.​പി.​എ​ൽ 2024

ഇ​ന്നി​ങ്സ് 9

റ​ൺ​സ് 584

നോ​ട്ടൗ​ട്ട് 1

ശ​രാ​ശ​രി 73

ഓ​വ​ർ 43

റ​ൺ​റേ​റ്റ് 13.58

100+ 3

50+ 1

Tags:    
News Summary - Travis Head-Abhishek Sharma opening partnership breaks records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.