അബൂദബി: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ വിജയക്കുതിപ്പ്. മുംബൈയെ ആറു വിക്കറ്റിന് 155 റൺസിലൊതുക്കിയ കൊൽക്കത്ത 29 പന്ത് ബാക്കിയിരിക്കെ ഏഴു വിക്കറ്റിനാണ് ജയിച്ചുകയറിയത്. ഇതോടെ മുംബൈയെ പിന്തള്ളി കൊൽക്കത്ത പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്തേക്കുയർന്നു.
തകർപ്പൻ ബാറ്റിങ്ങുമായി അർധ സെഞ്ച്വറി നേടിയ രാഹുൽ ത്രിപതിയും (74 നോട്ടൗട്ട്) വെങ്കിടേഷ് അയ്യരും (53) ആണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്. ശുഭ്മാൻ ഗിൽ (13), ക്യാപ്റ്റൻ ഓയിൻ മോർഗൻ (7) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ. നിതീഷ് റാണ (5) ത്രിപതിക്കൊപ്പം പുറത്താവാതെ നിന്നു.
ടോസ് നേടിയ കൊൽക്കത്ത നായകൻ മോർഗൻ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിക്കുമാറി തിരിച്ചെത്തിയ മുംബൈ നായകൻ രോഹിത് ശർമയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിൻറൺ ഡികോക്കും ഉറച്ച തുടക്കം നൽകിയപ്പോൾ മോർഗന് പിഴച്ചെന്നു കരുതിയതാണ്. പവർപ്ലേ മുതലെടുത്ത ഡികോക്കിനായിരുന്നു സ്കോറിങ്ങിൽ വേഗം. പക്ഷേ, പവർപ്ലേ കഴിഞ്ഞപ്പോൾ സ്കോറിങ്ങും മന്ദഗതിയിലായി.
പത്താമത്തെ ഓവറിൽ എത്തുന്നതുവരെ കൊൽക്കത്ത ബൗളർമാർക്ക് വഴങ്ങാതെ മുന്നേറിയ സഖ്യം കൂടുതൽ അപകടകരമാകുന്നതിനുമുമ്പ് സുനിൽ നരെയ്ൻ വേർപെടുത്തി. 30 പന്തിൽ 33 റൺസെടുത്ത രോഹിത് ശർമയെ ശുഭ്മാൻ ഗിൽ പിടികൂടുകയായിരുന്നു. ആദ്യ വിക്കറ്റിൽ ഇരുവരും ഉയർത്തിയ 78 റൺസ് ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ടുമായി. സൂര്യകുമാർ യാദവ് അഞ്ചു റൺസിന് പ്രസിദ്ധ് കൃഷ്ണക്കു മുന്നിൽ കീഴടങ്ങി.
അതിനിടയിൽ 37 പന്തിൽ ഡികോക് അർധ സെഞ്ച്വറി തികച്ചു. 42 പന്തിൽ 55 റൺസെടുത്ത ഡി കോക്കിനെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ സുനിൽ നരെയ്ൻ പിടികൂടിയതോടെ മുംബൈ സ്കോറിങ്ങിന് പ്രതീക്ഷിച്ച വേഗമില്ലാതായി.
ഇഷാൻ കിഷൻ (14), കീറോൺ പൊള്ളാർഡ് (21), ക്രുനാൽ പാണ്ഡ്യ (12) എന്നിവരാണ് പിന്നീട് വീണത്. ലോകി ഫെർഗൂസനും പ്രസിദ്ധ് കൃഷ്ണയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ആന്ദ്രേ റസൽ മൂന്നോവറിൽ 37 റൺസ് വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.