മുംബൈ: ഐ.പി.എൽ ലേല ചരിത്രത്തിൽ ഒരു ടീമുമായി കരാർ ഒപ്പിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവൻശി. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 1.10 കോടി രൂപക്കാണ് രാജസ്ഥാൻ ടീമിൽ എത്തിച്ചത്.
ഐ.പി.എൽ താര ലേലത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരംകൂടിയാണ് വൈഭവ്. യൂത്ത് ടെസ്റ്റ് പരമ്പരയിൽ ആസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരെ കഴിഞ്ഞമാസം സെഞ്ച്വറി നേടിയാണ് വൈഭവ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുന്നത്. 62 പന്തിൽ 104 റൺസാണ് താരം അടിച്ചെടുത്തത്. മത്സര ക്രിക്കറ്റിന്‍റെ 170 വർഷത്തെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ്. ഈ സമയം വൈഭവിന്‍റെ പ്രായം 13 വയസ്സും 188 ദിവസവും. 2023-24 രഞ്ജി ട്രോഫിയിൽ അരങ്ങേറ്റ മത്സരം കളിക്കുമ്പോൾ വൈഭവിന്‍റെ പ്രായം 12 വയസ്സും 284 ദിവസവും മാത്രമാണ്.
ക്രിക്കറ്റിലെ തന്‍റെ പ്രിയതാരത്തെ ഒടുവിൽ വൈഭവ് വെളിപ്പെടുത്തി. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരൊന്നുമല്ല കൗമാരതാരത്തിന്‍റെ ഇഷ്ടതാരം. വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് വൈഭവിന്‍റെ പ്രിയതാരം. ‘എന്‍റെ ഇഷ്ടതാരം ബ്രയാൻ ലാറയാണ്. അദ്ദേഹത്തെ പോലെ കളിക്കാനാണ് ശ്രമിക്കുന്നത്’ -വൈഭവ് സോണി സ്പോർട്സ് ചാനലിനോട് വെളിപ്പെടുത്തി.
കഴിഞ്ഞ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ് ലാറ. വെസ്റ്റിൻഡീസിനായി 131 ടെസ്റ്റുകളും 299 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. റെഡ് ബാൾ ക്രിക്കറ്റിൽ 11,953 റൺസാണ് താരം നേടിയത്. 2007 ഏകദിന ലോകകപ്പിനു പിന്നാലെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.
അതേസമയം, ശനിയാഴ്ച നടന്ന അണ്ടർ 19 ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ വൈഭവ് നിരാശപ്പെടുത്തി. ഒമ്പത് പന്തുകളിൽനിന്ന് ഒരു റണ്ണെടുത്ത് താരം പുറത്തായി. മത്സരത്തിൽ പാകിസ്താൻ 43 റൺസിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 281 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 47.1 ഓവറിൽ 238 റൺസ് ഇന്ത്യ ഓൾ ഔട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.