ജയ്പുർ: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിെൻറ സെമി സ്വപ്നങ്ങൾ തകർത്ത് സർവിസസ്. ക്വാർട്ടറിൽ ഏഴു വിക്കറ്റിനാണ് സർവിസസ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 40.4 ഓവറിൽ 175 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സർവിസസ്, 30.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യത്തിലെത്തി.
നേരത്തെ, ടോസ് നേടിയ സർവിസസ് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 85 റൺസെടുത്ത ഓപണർ രോഹൻ എസ്. കുന്നുമ്മലാണ് കേരളത്തിെൻറ ടോപ് സ്കോറർ. 106 പന്തുകളിൽ ഏഴു ഫോറും രണ്ടു സിക്സും ചേർന്നതായിരുന്നു രോഹെൻറ ഇന്നിങ്സ്. വിനൂപ് മനോഹരൻ (54 പന്തിൽ 41), സച്ചിൻ ബേബി (23 പന്തിൽ 12) എന്നിവർ മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്ത കേരളത്തിന്, അടുത്ത 70 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർക്കുന്നതിനിടെയാണ് അവസാന എട്ടു വിക്കറ്റുകൾ നഷ്ടമായത്.
രവി ചൗഹാൻ (90 പന്തിൽനിന്ന് 95), രജത് പലിവാൽ (86 പന്തിൽനിന്ന് 65) എന്നിവരുടെ പ്രകടനമാണ് സർവിസസിന് അനായാസ വിജയം സമ്മാനിച്ചത്. മറ്റൊരു ക്വാർട്ടർ മത്സരത്തിൽ വിദർഭയെ ഏഴു വിക്കറ്റിന് വീഴ്ത്തി സൗരാഷ്ട്രയും സെമിയിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദർഭ 40.3 ഓവറിൽ 150 റൺസിന് എല്ലാവരും പുറത്തായി.
29.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര വിജയ റൺ കുറിച്ചു. 2012-2013 സീസണിൽ സെമിയിലെത്തിയതാണ് ടൂർണമെൻറിൽ കേരളത്തിെൻറ ഏറ്റവും മികച്ച പ്രകടനം. തമിഴ്നാടും ഹിമാചൽപ്രദേശുമാണ് സെമിയിൽ കടന്ന മറ്റു ടീമുകൾ. തിങ്കളാഴ്ച നടന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ തമിഴ്നാട് 151 റൺസിന് കർണാടകയെ തകർത്തപ്പോൾ ഹിമാചൽപ്രദേശ് അഞ്ചു വിക്കറ്റിന് ഉത്തർപ്രദേശിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.