ബംഗളൂരു: മുൻ ഇന്ത്യൻ പേസ് ബൗളർ വിനയ് കുമാർ സജീവക്രിക്കറ്റിൽനിന്ന് വിരമിച്ചു. രാജ്യാന്തര മത്സരങ്ങൾ ഉൾപ്പെടെ ക്രിക്കറ്റിന്‍റെ മുഴുവൻ ഫോർമാറ്റിൽനിന്നും പടിയിറങ്ങുന്നതായി 37കാരനായ വിനയ് ട്വിറ്ററിലാണ് അറിയിച്ചത്.
'അനിൽ കുംെബ്ല, രാഹുൽ ദ്രാവിഡ്, എം.എസ്. ധോണി, വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശർമ തുടങ്ങിവർക്കൊപ്പം കളിക്കാൻ കഴിഞ്ഞ കരിയറിലെ അനുഭവങ്ങൾ വിലപ്പെട്ടതാണ്. മുംബൈ ഇന്ത്യൻസിൽ സചിൻ ടെണ്ടുൽകറുടെ അനുഗ്രഹാശിസ്സുകൾക്ക് കീഴിലും കളിക്കാൻ കഴിഞ്ഞു. കഴിഞ്ഞ 25 വർഷമായി ക്രിക്കറ്റ് ജീവിതത്തിലെ നിരവധി സ്റ്റേഷനുകളിലൂടെ ഓടിക്കൊണ്ടിരുന്ന 'ദാവൺഗരെ എക്സ്പ്രസ്' ഇന്ന് 'റിട്ടയർമെന്‍റ്' എന്ന സ്റ്റേഷനിൽ എത്തിനിൽക്കുകയാണ്. സമ്മിശ്രമായ വികാരങ്ങളോടെ ആർ. വിനയ് കുമാർ എന്ന ഞാൻ രാജ്യാന്തര മത്സരങ്ങളിൽനിന്നും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽനിന്നും പടിയിറങ്ങിയതായി അറിയിക്കുന്നു. എടുക്കാൻ എളുപ്പമായിരുന്നില്ല ഈ തീരുമാനമെങ്കിലും എല്ലാ കായികതാരങ്ങളുടെയും ജീവിതത്തിൽ ഇതുപോലെ വിരാമം കുറിക്കേണ്ട ഒരു സന്ദർഭമുണ്ടാകും'- വിരമിക്കൽ പ്രഖ്യാപിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിനയ് വ്യക്തമാക്കി.
കർണാടക ദാവൺഗരെ സ്വദേശിയായ വിനയ് ഒരു ടെസ്റ്റിലും 31 ഏകദിനങ്ങളിലും ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞിട്ടുണ്ട്. 99 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 114 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു, കൊച്ചി ടസ്കേഴ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്ക് വേണ്ടി പന്തെറിഞ്ഞു. 2004 മുതൽ 2019 വരെ ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ മുന്നണിപ്പോരാളിയായിരുന്ന വിനയ്, കഴിഞ്ഞ രണ്ടു വർഷമായി പോണ്ടിച്ചേരിക്കു വേണ്ടിയാണ് കളത്തിലിറങ്ങിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.