ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായക മത്സരം ജൂലൈ ഒന്നിന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ വക ശകാരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കോവിഡ് ബാധിതനായിട്ടും ടീം അംഗങ്ങള്‍ ഉത്തരവാദിത്ത ബോധമില്ലാതെ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നതാണ് ബി.സി.സി.ഐയെ ചൊടിപ്പിച്ചത്.
ഇംഗ്ലണ്ടില്‍ കോവിഡ് വ്യാപനമുണ്ടെങ്കിലും അവിടെ പഴയത് പോലെ നിയന്ത്രണങ്ങള്‍ ഇല്ല. ഇത് മുതലെടുത്ത് ഇന്ത്യന്‍ താരങ്ങള്‍ ചുറ്റാനിറങ്ങുകയും വഴിയില്‍ കാണുന്നവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തത് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതാകട്ടെ, രോഹിത് ശര്‍മ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് കളിക്കാര്‍ക്ക് ബി.സി.സി.ഐ കോവിഡ് പെരുമാറ്റച്ചട്ടം കൊണ്ടുവന്നതിന് പിന്നാലെയും.
സീനിയര്‍ താരമായ വിരാട് കോഹ്‌ലിയും ഭാവി ക്യാപ്റ്റനെന്ന വിശേഷണമുള്ള ഋഷഭ് പന്തും അച്ചടക്ക ലംഘനത്തിന് നേതൃത്വം നല്‍കിയെന്ന് പറയാം. ശുഭ്മാന്‍ ഗില്‍, നവദീപ് സെയ്‌നി, കമലേഷ് നാഗര്‍കോടി, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ കറങ്ങിയടിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്.
അച്ചടക്കമില്ലാതെ പെരുമാറിയാല്‍ താരങ്ങള്‍ക്കെതിരെ നടപടി വരുമെന്ന താക്കീതും ബി.സി.സി.ഐ ടീം മാനേജ്‌മെന്റിന് നല്‍കിയിട്ടുണ്ട്. അടുത്ത ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി രോഹിത് ശര്‍മ ആരോഗ്യം വീണ്ടെടുത്തേക്കില്ല. ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്റെ ചുമതല പൂര്‍ണമായും മറ്റൊരു താരം വഹിക്കേണ്ടതായി വരും. വിരാട് കോഹ്‌ലിയും നേതൃത്വ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഋഷഭ് പന്തും ജസ്പ്രീത് ബുംറയുമാണ് ടീമിലുള്ളവരില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. അച്ചടക്കലംഘനം നടത്തിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട സ്ഥിതിക്ക് ഋഷഭ് പന്തിന്റെ ചീട്ട് അദ്ദേഹം തന്നെ കീറിയെന്ന് പറയാം.
ഐ.പി.എല്‍ ടീമിനെ നയിച്ച ഋഷഭ് പന്തിനേക്കാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കുറേക്കൂടി അനുഭവ സമ്പത്തുള്ള ജസ്പ്രീത് ബുംറക്കാകും സാധ്യത. കപില്‍ദേവിന് ശേഷം ഇന്ത്യന്‍ ടീമിനെ ഒരു പേസ് ബൗളര്‍ നയിച്ചിട്ടില്ല. മുന്‍ ഇന്ത്യന്‍ പേസര്‍ മൊഹിത് ശര്‍മ അഭിപ്രായപ്പെട്ടത് ജസ്പ്രീത് ബുംറ മികച്ച ക്യാപ്റ്റനാണെന്നാണ്.
ശാന്തശീലനായ സഹതാരത്തെ കുറിച്ച് വാചാലനായ മൊഹിത് ആസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ പാറ്റ് കമ്മിന്‍സ് ക്യാപ്റ്റനായി തിളങ്ങുന്നതിനെ ചൂണ്ടിക്കാണിക്കുന്നു. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും ബുംറ ക്യാപ്റ്റനാകട്ടെ എന്ന അഭിപ്രായക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.