ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്‍റെ ഭാഗമായുള്ള ട്വന്‍റി20, ഏകദിന പരമ്പരകളിൽ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി കളിക്കില്ല. പരമ്പരയിൽനിന്ന് വിട്ടുനിൽക്കാൻ കോഹ്ലി ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവരം.
ട്വന്‍റി20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുന്നത്. ഡിസംബർ 10നാണ് ആദ്യ ട്വന്‍റി20 മത്സരം. എന്നാൽ, ടെസ്റ്റ് പരമ്പരക്കായി കോഹ്ലി ടീമിനൊപ്പം ചേരും. നായകൻ രോഹിത് ശർമയുടെ കാര്യവും സംശയത്തിലാണ്. കഴിഞ്ഞ വർഷത്തെ ട്വന്‍റി20 ലോകകപ്പിനു പിന്നാലെ കോഹ്ലിയുടെ കുട്ടിക്രിക്കറ്റിലെ ഭാവി സംബന്ധിച്ച് വലിയ ചർച്ച നടക്കുന്നുണ്ട്. അതേസമയം, താരം ഏകദിനത്തിൽനിന്ന് വിട്ടിനിൽക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തി.
രോഹിത് എപ്പോഴാണ് ടീമിനൊപ്പം ചേരുകയെന്നതിലും ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും ട്വന്‍റി20 പരമ്പരയിൽ താരം കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വരുംദിവസങ്ങളിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ മുൻ ഇന്ത്യൻ താരം അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കും. കോഹ്ലി നിലവിൽ കുടുംബത്തോടൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുകയാണ്. രോഹിത്തും യു.കെയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പിൽ കോഹ്ലിയും രോഹിത്തും തകർപ്പൻ ഫോമിലായിരുന്നു. സീനിയർ കളിക്കാർക്ക് വിശ്രമം നൽകി ടീമിനെ യുവനിരയെ ഏൽപിച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഓസീസിനെതിരെ ട്വന്‍റി20 പരമ്പരയിൽ സൂര്യകുമാർ യാദവും സംഘവും കാഴ്ചവെക്കുന്നത്. യുവ ബാറ്റർമാരെല്ലാം മികച്ച ഫോമിലാണെന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.