തങ്ങളെക്കുറിച്ച് മോശം വ്യാഖ്യാനം: ലാറക്കെതിരെ ആഞ്ഞടിച്ച് റിച്ചാര്‍ഡ്സും ഹൂപ്പറും

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ ഇതിഹാസ താരമായ ബ്രയാന്‍ ലാറയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മറ്റ് ഇതിഹാസങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്സും കാള്‍ ഹൂപ്പറും. അടുത്തിടെ പ്രകാശനം ചെയ്ത ലാറയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് റിച്ചാര്‍ഡ്സും ഹൂപ്പറും വിമര്‍ശനം ഉന്നയിച്ചത്.

'ലാറ ദി ഇംഗ്ലണ്ട് ക്രോണിക്ക്ള്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് വിവാദ പ്രസ്താവന. റിച്ചാര്‍ഡ്സിന്റെ ഡ്രസിങ് റൂമിലെ വാക്കുകള്‍ മറ്റ് താരങ്ങളെ ഭയപ്പെടുത്തുമെന്നായിരുന്നു ലാറ പുസ്തകത്തില്‍ എഴുതിയത്. വിവ് മൂന്നാഴ്ച കൂടുമ്പോള്‍ തന്നെ കരയിക്കുമെന്നും ഹൂപ്പറിനെ ആഴ്ചയില്‍ ഒരിക്കല്‍ കരയിക്കുമെന്നും ലാറ എഴുതി. വിവിയന്റെ വാക്കുകള്‍ കാഠിന്യമുള്ളതാണെന്നും വ്യക്തിപരമായി എടുത്താല്‍ വേദനയുണ്ടാക്കുമെന്നും ലാറ പറയുന്നു.

എന്നാല്‍, താന്‍ എപ്പോഴും വിവിയന്റെ മോശം വാക്കുകള്‍ പ്രതീക്ഷിക്കുന്നതുകൊണ്ട് അത് സാരമായി ബാധിച്ചില്ലെന്നും ലാറ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഈ വാക്കുകള്‍ തീര്‍ത്തും തെറ്റാണെന്ന് വ്യക്തമാക്കിയാണ് റിച്ചാര്‍ഡ്സും ഹൂപ്പറും രംഗത്തെത്തിയത്. ലാറയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ വഴി നല്‍കിയ സംയുക്ത പ്രസ്താവനയില്‍ റിച്ചാര്‍ഡ്‌സും ഹൂപ്പറും വിശദീകരിച്ചു. ലാറയുടെ വാക്കുകള്‍ നിരാശരാക്കിയെന്നും താരങ്ങള്‍ തമ്മിലുള്ള ബന്ധത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചുവെന്നും പ്രസ്താവനയിലുണ്ട്.

'സര്‍ വിവിയന്‍ റിച്ചാര്‍ഡ്സും കാള്‍ ഹൂപ്പറും ലാറയുടെ പുസ്തകത്തിലെ മോശമായ വ്യാഖ്യാനങ്ങള്‍ കാരണം ഒരുപാട് നിരാശരാണ്. ലാറ ഉന്നയിച്ച ആരോപണങ്ങള്‍ താരങ്ങളുടെ ബന്ധത്തെ വളച്ചൊടിക്കുക മാത്രമല്ല അവരുടെ സ്വഭാവത്തെയും മോശമായി ചിത്രീകരിച്ചിട്ടുണ്ട്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് കാള്‍ ഹൂപ്പറിനോട് അഗ്രസീവായാണ് പെരുമാറിയതെന്നും ആഴ്ച്ചയില്‍ ഒരിക്കല്‍ കരയിച്ചിട്ടുണ്ടെന്നും പറഞ്ഞത് തീര്‍ത്തും തെറ്റാണ്'. പ്രസ്താവനയില്‍ പറയുന്നു.

'ഇത്തരത്തിലുള്ള വ്യഖ്യാനങ്ങള്‍ റിച്ചാര്‍ഡ്സിനെ ഒരു മോശം വ്യക്തിയായി ചിത്രീകരിക്കുന്നു. തികച്ചും അടിസ്ഥാന രഹിതമായതും രണ്ട് പേര്‍ക്കും വേദനയുണ്ടാക്കുന്നതുമായ ആരോപണമാണ് ലാറ ഉന്നയിച്ചത്. ആദ്യ ക്യാപ്റ്റന്‍ എന്ന നിലയില്‍ സര്‍ വിവിയന്‍ ഒരിക്കലും ഹൂപ്പറിന് മാനസിക സമ്മര്‍ദം നല്‍കിയിട്ടില്ല'- പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, റിച്ചാര്‍ഡ്സ് മികച്ച പ്രോത്സാഹനം നല്‍കുന്ന നായകനാണെന്നും 40 വര്‍ഷത്തെ റിച്ചാര്‍ഡിന്റെയും ഹൂപ്പറിന്റെയും ബന്ധം പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും സ്ഥാപിച്ചിട്ടുള്ളതുമാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇതിനെയെല്ലാം തള്ളിപ്പറഞ്ഞുകൊണ്ടുള്ള ലാറയുടെ പുസ്തകത്തിലെ വാക്കുകള്‍ സത്യത്തോടുള്ള അനാദരവാണ്. ഈ വിഷയത്തില്‍ ലാറ മാപ്പ് പറയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

Tags:    
News Summary - Vivian Richards and Carl Hooper slams Brian Lara for his controversial statements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.