ശ്രീലങ്കയും ഇന്ത്യയും ഏറ്റുമുട്ടുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ആദ്യ മത്സരം നടന്ന ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ച് തന്നെയാണ് രണ്ടാം മത്സരവും അരങ്ങേറുക. ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞതിനാൽ ഇരു ടീമുകൾക്കും രണ്ടാം മത്സരത്തിൽ വിജയം അനിവാര്യമാണ്.
രണ്ടാം മത്സരത്തിന് തയ്യാറാകാവെ വമ്പൻ പണി കിട്ടിയിരിക്കുകയാണ് ശ്രീലങ്കക്ക്. ടീമിലെ സ്റ്റാർ സ്പിന്നർ വനിന്ദു ഹസരംഗക്ക് ശേഷിക്കുന്ന രണ്ട് മത്സരത്തിലും പങ്കെടുക്കാനാകില്ല. തുടയിലേറ്റ പരിക്കിനെ തുടർന്നാണ് താരം ഏകദിന പരമ്പരയിൽ നിന്നു പുറത്തായത്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിക്കൊണ്ട് മത്സരം സമനിലയിലാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ഹസരംഗക്ക് സാധിച്ചിട്ടുണ്ട്.
സൂപ്പർതാരം വിരാട് കോഹ്ലിയെ 24 റൺസിനും കീപ്പർ ബാറ്റർ കെ.എൽ. രാഹുലിനെ 31 റൺസിനും പുറത്താക്കിയ ഹസരംഗ വാലറ്റനിരയിൽ കുൽദീപ് യാദവിനെയും പവലിയനിൽ എത്തിച്ചിരുന്നു. ബാറ്റിങ്ങിൽ 35 പന്തിൽ നിന്നും 24 റൺസ് നേടിക്കൊണ്ട് ലങ്കയെ പൊരുതാവുന്ന സ്കോറിലെത്തിക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. ജെഫ്രെ വാൻഡെർസെയാണ് ഹസരംഗക്ക് പകരം സ്ക്വാഡിൽ എത്തുക.
ഇന്ന് ഉച്ചക്ക് 2.30നാണ് രണ്ടാം ഏകദിനം ആരംഭിക്കുക. ഇന്ത്യൻ നിരയിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.