ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസികമായ ടെസ്റ്റ് പരമ്പരയാണ് ഈ വർഷമാദ്യം കഴിഞ്ഞുപോയത്. ഒരുപാട് പ്രതിബന്ധങ്ങൾക്ക് നടുവിൽ യുവതാരനിരയുമായി അജിൻക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ഡൗൺ അണ്ടറിൽ കപ്പടിച്ചു.
ഇന്ത്യൻ ട്വൻറി20 ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന വാഷിങ്ടൺ സുന്ദറിന് പരമ്പരയിലൂടെ ടെസ്റ്റിലും അരങ്ങേറാൻ സാധിച്ചിരുന്നു. നിർണായകമായ ബ്രിസ്ബേൻ ടെസ്റ്റിൽ ടീം മാനേജ്മെന്റ് സുന്ദറിന് ടെസ്റ്റ് തൊപ്പി സമ്മാനിക്കുകയിരുന്നു.
കുൽദീപ് യാദവിനെ മറികടന്ന് ടീമിൽ ഇടം നേടിയ സുന്ദർ അരങ്ങേറ്റം അവിസമരണീയമാക്കി. വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിലൂടെ ആസ്ട്രേലിയൻ ആരാധകർക്ക് ഒട്ടും ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്ത ഒരു കാര്യം ചെയ്തിരിക്കുകയാണ് വാഷി.
തന്‍റെ കുടുംബത്തിനും വളർത്തുനായ്ക്കുമൊപ്പമുള്ള ചിത്രമായിരുന്നു വാഷി ഇൻസ്റ്റയിൽ പങ്കുവെച്ചത്. എന്നാൽ കുടുംബത്തിലെ പുതിയ അതിഥിയുടെ പേര് താരം വെളിപ്പെടുത്തിയിരുന്നില്ല. 'കുടുംബത്തോടൊപ്പമുള്ള കുറച്ച് സുന്ദര ദിനങ്ങൾ. വീട്ടിലെ പുതിയ അതിഥിയാരാണെന്ന് പറയാമോ? സൂചന: എന്‍റെ ടെസ്റ്റ് അരങ്ങേറ്റം'-താരം കുറിച്ചു. ഇതോടെ നായ്കുട്ടിയുടെ പേര് ഗാബയാണെന്ന് ആരാധകർ ഉറപ്പിച്ചു.
ആദ്യ ഇന്നിങ്സിൽ ഓസീസിന്‍റെ സ്റ്റാർ ബാറ്റ്സ്മാനായ സ്റ്റീവൻ സ്മിത്തിനെ 36 റൺസിന് പുറത്താക്കിയ താരം ആതിഥേയരെ 400 റൺസിൽ താഴെ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മൊത്തം മൂന്ന് വിക്കറ്റാണ് ഇന്നിങ്സിൽ വീഴ്ത്തിയത്.
എന്നാൽ ബാറ്റുകൊണ്ടായിരുന്നു യഥാർഥ ഷോ. ഓസീസ് ഉയർത്തിയ 369 റൺസ് പിന്തുടരവേ ഇന്ത്യ ആറിന് 186 റൺസെന്ന നിലയിൽ പരുങ്ങി. ശർദുൽ ഠാക്കൂറിനൊപ്പം 123 റൺസിന്‍റെ കൂട്ടുെകട്ടുണ്ടാക്കിയ വാഷി ടീം ടോട്ടൽ 336ലെത്തിച്ചു. ഇരുവരും അർധസെഞ്ച്വറി തികച്ചാണ് മടങ്ങിയത്.
രണ്ടാം ഇന്നിങ്സിൽ അപകടകാരിയായ ഡേവിഡ് വാർണറെ (48) മടക്കിയ താരം 328 റൺസ് വിജയകരമായി ചേസ് ചെയ്ത ഇന്ത്യക്കായി 22 റൺസ് സംഭാവന ചെയ്തു. ഗാബയിലെ ഗംഭീര അരങ്ങേറ്റത്തിന്‍റെ കരുത്തിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിയാൻ സുന്ദറിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.