‘അതൊക്കെ ഡ്രസ്സിങ് റൂമിൽ’; കോഹ്‍ലിയുടെ ജഴ്സി സ്വീകരിച്ച ബാബറിനെ വിമർശിച്ച് അക്രം

ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്താൻ നായകൻ ബാബർ അസമിനെ രൂക്ഷമായി വിമർശിച്ച് മുൻ നായകൻ വസീം അക്രം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം വിരാട് കോഹ്‌ലി ഒപ്പിട്ട ഇന്ത്യൻ ജേഴ്‌സി ബാബർ സ്വീകരിച്ചതാണ് തോൽവിയേക്കാൾ അക്രത്തിനെ കൂടുതൽ അസ്വസ്ഥനാക്കിയത്.

മത്സരത്തിന് പിന്നാലെ, എല്ലാവരും നോക്കിനിൽക്കെ കോഹ്‌ലി ബാബറിന് രണ്ട് ജേഴ്‌സികൾ സമ്മാനിച്ചിരുന്നു, പാക് നായകന് കോഹ്‌ലി സമ്മാനം നൽകുന്ന രംഗം സ്റ്റേഡിയത്തിലെ ക്യാമറകൾ പകർത്തുകയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

‘എ സ്‌പോർട്‌സ്’ ചാനൽ ചർച്ചയിലാണ് അക്രം, ബാബറിനെതിരെ രംഗത്തുവന്നത്. വലിയ പരാജയത്തിന് ശേഷം അത്രയും ആളുകൾ നോക്കിനിൽക്കെ കോഹ്‍ലിയിൽ നിന്ന് ബാബർ സമ്മാനം സ്വീകരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മൂൻ പാക് നായകൻ. ഇതൊക്കെ സ്വകാര്യമായി ചെയ്യേണ്ടതായിരുന്നില്ലേ.. എന്നതിലാണ് ആരാധകൻ വസീം അക്രത്തിന്റെ അഭിപ്രായം ആരാഞ്ഞത്.

ആരാധകന്റെ അഭിപ്രായത്തെ പിന്താങ്ങിയ അക്രം, ‘നിങ്ങളുടെ അമ്മാവന്റെ മകൻ കോഹ്‌ലിയുടെ ജഴ്സി ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഡ്രസ്സിങ് റൂമിൽ സ്വീകരിക്കൂ’ എന്നാണ് പറഞ്ഞത്. “ചിത്രം കണ്ടപ്പോൾ ഞാൻ കൃത്യമായി പറഞ്ഞത് അതാണ്. ഇന്ന് അതിന്നുള്ള (ജഴ്സി സ്വീകരിച്ചത്) ദിവസമായിരുന്നില്ല. ഇനി നിങ്ങൾക്കത് ചെയ്തേ മതിയാകൂ എന്നാണെങ്കിൽ - അമ്മാവന്റെ മകൻ നിങ്ങളോട് കോഹ്‌ലിയുടെ ഷർട്ട് വാങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ - കളി കഴിഞ്ഞ് ഡ്രസ്സിംഗ് റൂമിൽ വെച്ച് അത് ചെയ്യുക." - അക്രം പറഞ്ഞു.

ലോകകപ്പിൽ പാക്കിസ്താന്റെ ആദ്യ തോൽവിയാണിത്. ഇന്ത്യയുമായുള്ള മത്സരത്തിനായി പാകിസ്ഥാൻ ഒട്ടും തയ്യാറായിരുന്നില്ലെന്ന് അക്രം പറഞ്ഞു, കുൽദീപ് യാദവ് ടീമിന് സൃഷ്ടിച്ചേക്കാവുന്ന ഭീഷണിയെ കുറിച്ച് താൻ പാക് ടീമിന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുടെ ഇടംകൈയ്യൻ സ്പിന്നർ ഈ ഫോർമാറ്റിൽ പാക്കിസ്ഥാനെതിരെ സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടുണ്ട്. ശനിയാഴ്ച നടന്ന മത്സരത്തിലും പാകിസ്താൻ ബാറ്റർമാരുടെ മേലുള്ള ആധിപത്യം കുൽദീപ് തുടരുന്ന കാഴ്ചയായിരുന്നു. മധ്യനിരയിലെ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് അവരുടെ തോൽവിയുടെ ആഘാതം വർധിപ്പിച്ചു. ഓസീസുമായുള്ള മത്സരമാണ് പാകിസ്താനെ അടുത്തതായി കാത്തിരിക്കുന്നത്. 

Tags:    
News Summary - Wasim Akram Slams Pakistan Captain Babar Azam For Receiving Virat Kohli Jersey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.