ഇങ്ങനെയൊന്ന് ഇതുവരെ കണ്ടിട്ടില്ല! ക്യാപ്റ്റനുമായി ഭിന്നത; കളിക്കിടെ ഗ്രൗണ്ട് വിട്ട് വിൻഡീസ് പേസർ

ബ്രിഡ്ജ്ടൗൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ഏകദിന മത്സരം എട്ടു വിക്കറ്റിന് ജയിച്ച് വെസ്റ്റിൻഡീസ് പരമ്പര സ്വന്തമാക്കി. ഓപ്പണർ ബ്രണ്ടൻ കിങ്ങിന്‍റെയും (117 പന്തിൽ 102 റൺസ്) കീസി കാർട്ടിയുടെയും (114 പന്തിൽ 128*) തകർപ്പൻ സെഞ്ച്വറികളാണ് വിൻഡീസിനെ ജയിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 43 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് ലക്ഷ്യത്തിലെത്തിയത്. അതേസമയം, മത്സരത്തിനിടെ ഒരു അസാധാരണ സംഭവവും അരങ്ങേറി. വീൻഡീസ് നായകൻ ഷായ് ഹോപ്പും പേസർ അൽസാരി ജോസഫും തമ്മിലുള്ള ഭിന്നതയാണ് ക്രിക്കറ്റ് ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചക്ക് കളമൊരുക്കിയത്.

മത്സരത്തിലെ നാലാം ഓവർ എറിയാനായി ജോസഫിനെയാണ് നായകൻ പന്ത് ഏൽപിക്കുന്നത്. ഫീൽഡർമാരെ നിർത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ഏറെനേരം സംസാരിച്ചശേഷമാണ് ജോസഫ് പന്തെറിയുന്നത്. ഇതിനിടെ ജോസഫ് എറിഞ്ഞ പന്തിൽ ഇംഗ്ലീഷ് താരം ജോർദൻ കോക്സിന്‍റെ ഷോട്ട് സ്ലിപ്പിലേക്കാണ് പോകുന്നത്. ഉടൻ തന്നെ സ്ലിപ്പിലേക്ക് കൈ ചൂണ്ടി ജോസഫ് നായകനോട് തന്‍റെ നീരസം പ്രകടിപ്പിക്കുന്നുണ്ട്. പിന്നാലെ ജോസഫിന്‍റെ നാലാം പന്തിൽ കോക്സ് വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി പുറത്തായി.

എന്നാൽ, വിക്കറ്റെടുത്തതിന്‍റെ ആഘോഷമൊന്നും താരത്തിന്‍റെ മുഖത്തില്ലായിരുന്നു. പിന്നാലെ ക്യാപ്റ്റനോട് വിരൽ ചൂണ്ടി എന്തൊക്കെയോ സംസാരിച്ചശേഷം ജോസഫ് ഗ്രൗണ്ട് വിട്ടു. ഗ്രൗണ്ടിനു പുറത്ത് പരിശീലകൻ ഡാരൻ സാമി താരത്തെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. താരം ഡഗ് ഔട്ടിലെ ഇരിപ്പിടത്തിൽ ഇരുന്നു. ഇതിനിടെ പകരക്കാരനായി ഹെയ്ഡൻ വാൽഷ് ജൂനിയർ ഇറങ്ങാൻ തയാറെക്കുന്നതിനിടെ ജോസഫ് തന്നെ ഗ്രൗണ്ടിലേക്ക് തിരിച്ചുവരികയായിരുന്നു. താരത്തിന്‍റെ നടപടിയെ കമന്‍ററിയിൽ മുൻ ഇംഗ്ലണ്ട് ബാറ്റർ മാർക് ബുച്ചർ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും അതെല്ലാം അടച്ചിട്ട മുറിക്കുള്ളിൽ പരിഹരിക്കണമെന്നും ഗ്രൗണ്ടിൽ ക്യാപ്റ്റന്‍റെ തീരുമാനങ്ങൾ അംഗീകരിക്കണമെന്നും ബുച്ചർ പറഞ്ഞു.

Tags:    
News Summary - West Indies Bowler Alzarri Joseph Storms Off Field After Bizarre Disagreement With Captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.