റോസോ (ഡൊമിനിക്ക): വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. കരീബിയൻ ദ്വീപായ ഡൊമിനിക്ക വിൻഡ്സർ പാർക്കിലാണ് മത്സരം. യശസ്വി ജയ്സ്വാളും ഇശാൻ കിഷനും ആദ്യ ഇലവനിൽ ഇടം പിടിച്ചപ്പോൾ ഋതുരാജ് ഗെയ്ക്വാദും ശ്രീകാർ ഭരതും റിസർവ് ബെഞ്ചിലാണ്. അരങ്ങേറ്റ മത്സരത്തിൽ ജയ്സ്വാൾ രോഹിത് ശർമക്കൊപ്പം ഓപണറായി ഇറങ്ങും. ശുഭ്മാൻ ഗിൽ മൂന്നാം നമ്പറിൽ ഇറങ്ങാനാണ് സാധ്യത.
മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് ബൗളിങ് ഡിപ്പാർട്മെന്റിൽ ജയ്ദേവ് ഉനദ്കട്ടും ശാർദുൽ ഠാകുറുമാണുള്ളത്. സ്പിൻ ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജയും ആർ. അശ്വിനും തുടരും. മധ്യനിരയിൽ വിരാട് കോഹ് ലിയും അജിൻക്യ രഹാനെയും കരുത്തേകും.
കെമർ റോഷും അൽസാരി ജോസഫും ജേസൺ ഹോൾഡറുമടങ്ങുന്ന ആക്രമണനിര ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളിയാവുമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ. ക്യാപ്റ്റനും ഓപണറുമായ ക്രെയ്ഗ് ബ്രാത്ത്വൈറ്റും ഉപനായകൻ ജെർമെയ്ൻ ബ്ലാക്ക്വുഡുമെല്ലാം സന്ദർശക ബൗളർമാരെ കൈകാര്യം ചെയ്ത് റൺസ് കണ്ടെത്തിയാൽ രോഹിത്തിനും കൂട്ടർക്കും പണിയാവും.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് 2023-25 സർക്കിളിൽ ഇരു ടീമിന്റെയും പോരാട്ടങ്ങളുടെ ആരംഭവും കൂടിയാണ്. രണ്ട് തവണയും ലോക ചാമ്പ്യൻഷിപ് ഫൈനലിന് യോഗ്യത നേടിയ ഇന്ത്യക്ക് ഫൈനലിൽ തോൽക്കാനായിരുന്നു വിധി. കഴിഞ്ഞ മാസം ആസ്ട്രേലിയയോട് ദയനീയമായി തോറ്റ് ഒരിക്കൽകൂടി കിരീടം അടിയറവെച്ചതിന്റെ ക്ഷീണത്തിലാണ് രോഹിത് ശർമയും സംഘവും. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് ചരിത്രത്തിലാദ്യമായി യോഗ്യത നേടാത്തതിന്റെ ആഘാതം വിൻഡീസിനുമുണ്ട്.
ഇന്ത്യ: രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, അജിൻ രഹാനെ, ഇശാൻ കിഷൻ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ, മുഹമ്മദ് സിറാജ്, ജയ്ദേവ് ഉനദ്കട്ട്
വെസ്റ്റിൻഡീസ്: ക്രെയ്ഗ് ബ്രാത്ത്വൈറ്റ്, ജെർമെയ്ൻ ബ്ലാക്ക്വുഡ്, ജോഷ്വ ഡ സിൽവ, അലിക്ക് അത്നാസെ, റഹ്കീം കോൺവാൾ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, റെയ്മൺ റെയ്ഫർ, കെമർ റോഷ്, ടാഗനറൈൻ ചന്ദർപോൾ, ജോമെൽ വാരിക്കൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.