റോസോ: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. തലേന്ന് വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ 150 റൺസിൽ അവസാനിപ്പിച്ച സന്ദർശകർ രണ്ടാം ദിനം രണ്ടാമത്തെ സെഷനിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തിട്ടുണ്ട്. ശതകങ്ങളുമായി ക്യാപ്റ്റൻ രോഹിത് ശർമയും (103) യശസ്വി ജയ്സ്വാളും (115*) തിളങ്ങിയതോടെയാണ് സ്കോർ 200 കടന്നത്.
അതേസമയം, രോഹിതിന്റെയും ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. അലിക് അദാനസെയുടെ പന്തിൽ ജോഷ്വ ദ സിൽവക്ക് ക്യാച്ച് നൽകിയാണ് നായകൻ മടങ്ങിയത്. ആറ് റൺസെടുത്ത ഗില്ല് ജോമൽ വാരികാന്റെ പന്തിലാണ് കൂടാരം കയറിയത്.
ടീം സ്കോർ 80ലായിരുന്നു വ്യാഴാഴ്ച രോഹിതും ജയ്സ്വാളും കളി പുനരാരംഭിച്ചത്. ജയ്സ്വാൾ 40ഉം രോഹിത് 30ഉം റൺസിൽ രാവിലെ ക്രീസിലെത്തി ബാറ്റിങ് തുടർന്നു. വെസ്റ്റിൻഡീസ് ബൗളർമാർക്ക് ഇരുവരും ഒരവസരവും നൽകിയില്ല. കന്നി ടെസ്റ്റിനിറങ്ങിയ ജയ്സ്വാൾ നേരിട്ട 104ാം പന്തിൽ അർധ ശതകം തികച്ചു.
ആദ്യ വിക്കറ്റിൽ സ്കോർ മൂന്നക്കം കടത്തി ഇരുവരും മുന്നോട്ട്. ഡ്രിങ്ക്സിന് നിർത്തുമ്പോൾ ഇന്ത്യ 117. പിന്നാലെ രോഹിതിന്റെ അർധ ശതകവുമെത്തി. 106ാം പന്തിലാണ് ക്യാപ്റ്റൻ 50 പിന്നിട്ടത്. ഇടക്ക് ജയ്സ്വാളിനെയും മറികടന്നു രോഹിത്. ആതിഥേയ നായകൻ ക്രെയ്ഗ് ബ്രാത് വെയ്റ്റ് താനടക്കം ഏഴു ബൗളർമാരെ പരീക്ഷിച്ചിട്ടും ഇന്ത്യയുടെ വിക്കറ്റ് ഇളകിയില്ല. 221 പന്തുകളിൽ പത്ത് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. നിലവിൽ കോഹ്ലിയും ജയ്സ്വാളുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.