ലഖ്നോ: ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിൽ ഒന്നാകുമെന്ന് വിലയിരുത്തപ്പെട്ട ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിനും ആളൊഴിഞ്ഞ ഗാലറി. ലഖ്നോവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. കളി കാണാൻ ആളില്ലാതായതോടെ ഇതെന്ത് ലോകകപ്പാണെന്ന ചോദ്യവുമായി സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.
ക്രിക്കറ്റിന് ഏറെ വേരോട്ടമുള്ള ഇന്ത്യയിൽ ലോകകപ്പ് അരങ്ങേറുമ്പോൾ നിറഞ്ഞ ഗാലറിയായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഉദ്ഘാടന മത്സരത്തിൽ തന്നെ ആ പ്രതീക്ഷ അസ്തമിച്ചു. 1,32,000 പേരെ ഉൾക്കൊള്ളുന്ന അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറിയ ഇംഗ്ലണ്ട്-ന്യൂസിലാൻഡ് മത്സരത്തിന് ആളെത്താതിരുന്നത് ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു.
ട്വന്റി20 ക്രിക്കറ്റിന്റെ കടന്നുവരവാണ് ഏകദിന മത്സരങ്ങൾക്ക് ആളില്ലാതാവാൻ കാരണമെന്നാണ് വിലയിരുത്തൽ. അതിവേഗ ക്രിക്കറ്റിന്റെ സ്ഫോടനാത്മകത ഏകദിനങ്ങൾക്കില്ലെന്നായതോടെ മത്സരത്തിന്റെ എണ്ണവും കാണികളുടെ ആധിക്യവും കുറഞ്ഞു തുടങ്ങിയിരുന്നു. ഒരുപക്ഷേ ഇത് അവസാന ഏകദിന ലോകകപ്പ് വരെയാകാമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇന്ത്യയിൽപോലും കളി കാണാനെത്തുന്നവർ ശുഷ്കിച്ചുതുടങ്ങിയത്. തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മത്സരത്തിന് ആളുകൾ കുറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ലോകകപ്പ് മത്സരത്തിന് ആതിഥ്യം വഹിക്കാനുള്ള അവസരം നഷ്ടമായതിനുള്ള കാരണമായി ഇത് പറയപ്പെടുന്നുണ്ട്.
ഇന്ത്യയുടെ മത്സരങ്ങൾക്ക് കാണികളെത്തുമെന്നായിരുന്നു പിന്നെയുള്ള പ്രതീക്ഷ. എന്നാൽ, ചെപ്പോക്കിലെ മത്സരം ആസ്ട്രേലിയയോടായിട്ടുപോലും 38,000 പേർക്കിരിക്കാവുന്ന ഗാലറിയിലെത്തിയത് 32,513 പേരായിരുന്നു. കളി തുടങ്ങുമ്പോൾ വേണ്ടത്ര കാണികൾ ഗാലറിയിലുണ്ടായിരുന്നില്ല. ഒഴിഞ്ഞുകിടന്ന ഗാലറിയുടെ മിക്ക ഭാഗവും നിറഞ്ഞത് വെയിൽ മാറി ഇരുൾ പരന്നപ്പോഴാണ്. ചെപ്പോക്കിൽ ടിക്കറ്റുകൾ വിറ്റുതീർന്നതായാണ് സംഘാടകർ പറഞ്ഞിരുന്നത്. എന്നാൽ, മുൻകൂർ ടിക്കറ്റ് കിട്ടാതെ വിഷമിച്ചവർക്ക് ഞായറാഴ്ച സ്റ്റേഡിയത്തിൽ ടിക്കറ്റുകൾ ധാരാളമായി ലഭിച്ചു. സ്പോൺസർമാരടക്കമുള്ളവർക്ക് മാറ്റിവെച്ച ടിക്കറ്റുകൾ ലഭ്യമായതാണ് ടിക്കറ്റ് വിൽപനക്ക് കാരണമായതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇനി ഇന്ത്യ-പാകിസ്താൻ മത്സരത്തിനാണ് കൂടുതൽ കാണികളെ പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകളെല്ലാം വിറ്റുപോയെന്ന് പറഞ്ഞ ബി.സി.സി.ഐ 14,000 ടിക്കറ്റുകൾകൂടി വിൽക്കാനുള്ള ഒരുക്കത്തിലാണ്. ഈ മത്സരത്തിന് മുമ്പായി സംഗീത പരിപാടിയും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.