ഇന്ത്യയുടെ സെമി ഫൈനൽ മത്സരം മഴ തടസ്സപ്പെടുത്തിയാൽ എന്ത് സംഭവിക്കും‍?

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ടീമുകൾക്കു പുറമെ, ന്യൂസിലൻഡും ലോകകപ്പ് സെമി ഉറപ്പിച്ചു. കീവീസിന്‍റെ കാര്യത്തിൽ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളു.

പാകിസ്താനുമായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതോടെയാണ് അവരുടെ സെമി സ്വപ്നം അവസാനിച്ചത്. ഈമാസം 15ന് മുംബൈയിലെ വാംഖഡെയിൽ ഒന്നാം സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. 2019 ലോകകപ്പ് സെമിയുടെ തനി ആവർത്തനം. അന്ന് 18 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. അന്നത്തെ തോൽവിയുടെ കണക്ക് ചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വിരാട് കോഹ്ലിയും സംഘവും 49.3 ഓവറിൽ 221 റൺസിന് ഓൾ ഔട്ടായി. എന്നാൽ, ആദ്യ റൗണ്ട് മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ചതിന്‍റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. അതുമല്ല കളിച്ച എട്ട് മത്സരങ്ങളിലും ആധികാരിക ജയം നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയത്. ബൗളർമാരും ബാറ്റർമാരുമെല്ലാം മികച്ച ഫോമിലാണ്.

16ന് കൊൽക്കത്ത ഈഡൻ ഗാർഡനിൽ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. അതേസമയം, സെമി മത്സരങ്ങൾ മഴമൂലം തടസ്സപ്പെട്ടാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കില്ല. പകരം പോയന്‍റ് പട്ടികയിൽ മുന്നിലുള്ള ടീം ഫൈനലിലേക്ക് യോഗ്യത നേടും. നിലവിൽ ഒരു മത്സരം ബാക്കി നിൽക്കെ 16 പോയന്‍റുമായി ഇന്ത്യയാണ് ഒന്നാമത്. അതുകൊണ്ട് ന്യൂസിലൻഡിനെതിരെയുള്ള മത്സരം മഴമൂലം നടന്നില്ലെങ്കിൽ ഇന്ത്യ സ്വാഭാവികമായും ഫൈനലിലെത്തും.

ദക്ഷിണാഫ്രിക്കയാണ് പോയന്‍റ് പട്ടികയിൽ രണ്ടാമതുള്ളത്. ദക്ഷിണാഫ്രിക്ക-ആസ്ട്രേലിയ മത്സരത്തിൽ മഴ കളിച്ചാൽ പ്രോട്ടീസ് കലാശപ്പോരിന് യോഗ്യത നേടും. ഞായറാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നെതർലൻഡ്സിനെതിരെയാണ് ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യയുടെ അവസാന മത്സരം. നവംബർ 19ന് ഉച്ചക്ക് രണ്ടിന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.

Tags:    
News Summary - What happens if India’s semi-final match is washed out due to rain?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.