മെൽബൺ: ഇന്ത്യൻ പ്രീമിയർ ലീഗിനോടുള്ള (ഐ.പി.എൽ) തന്റെ അഗാധമായ ഇഷ്ടം വെളിപ്പെടുത്തി ആസ്ട്രേലിയയുടെ സ്റ്റാർ ആൾറൗണ്ടർ െഗ്ലൻ മാക്സ് വെൽ. കരിയറിന്റെ അവസാനഘട്ടം വരെ ഐ.പി.എല്ലിൽ കളിക്കുമെന്ന് താരം വ്യക്തമാക്കി. ആസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് സീസണിൽ മെൽബൺ സ്റ്റാർസിന്റെ നായകനായെത്തുന്ന മാക്സ് വെൽ ടീമിനൊപ്പം ചേരാൻ മെൽബൺ എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. തന്റെ കരിയറിലെ ഏറ്റവും മഹത്തായ അനുഭവ പാഠങ്ങളിലൊന്നാണ് ഐ.പി.എല്ലെന്നും നടക്കാൻ കഴിയാതാവുന്ന കാലത്തോളം അതിൽ കളിക്കുമെന്നും മാക്സ് വെൽ പറഞ്ഞു.
‘നടക്കാൻ കഴിയാതാവുന്ന കാലത്തോളം ഐ.പി.എൽ കളിക്കും എന്നതിനാൽ ഒരുപക്ഷേ ഞാൻ കളിക്കുന്ന അവസാന ടൂർണമെന്റായിരിക്കും ഐ.പി.എൽ. എന്റെ കരിയറിൽ ഉടനീളം ഐ.പി.എൽ എനിക്ക് എത്രത്തോളം മികച്ചതായിരുന്നുവെന്നത് വിവരണാതീതമാണ്. കണ്ടുമുട്ടിയ ആളുകൾ, കളിച്ച പരിശീലകർ, തോളോട് തോൾ ചേർന്ന് നിൽക്കുന്ന കളിക്കാർ... ആ ടൂർണമെന്റ് എന്റെ കരിയറിന് അത്രത്തോളം പ്രയോജനകരമായിരുന്നു’ -മാക്സ് വെൽ പറഞ്ഞു.
2021 മുതൽ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ് മാക്സ് വെൽ. അവിടെ വിരാട് കോഹ്‍ലിയും എബി ഡിവില്ലിയേഴ്സും ഉൾപ്പെടെയുള്ളവരുമായുള്ള ഡ്രസ്സിങ് റൂം അനുഭവങ്ങളും താരം പങ്കുവെച്ചു. 2012ൽ ഡെൽഹി ക്യാപിറ്റൽസിലൂടെയാണ് ഐ.പി.എല്ലിലെത്തുന്നത്. പിന്നീട് മുംബൈ ഇന്ത്യൻസിനൊപ്പവും 2014ൽ പഞ്ചാബ് കിങ്സിനൊപ്പവും ചേർന്നു. ശേഷമാണ് ബാംഗ്ലൂർ നിരയിലെത്തുന്നത്. ആദ്യ സീസണിൽ 15 മത്സരങ്ങളിൽ 144.10 സ്ട്രൈക്ക് റേറ്റോടെ 513 റൺസാണ് അവർക്ക് വേണ്ടി താരം അടിച്ചുകൂട്ടിയത്. തുടർന്നുള്ള രണ്ട് സീസണുകളിലും ഫോം തുടർന്നു. 2023 സീസണിൽ 14 മത്സരങ്ങളിൽ 400 റൺസാണ് നേടിയത്.
കൂറ്റനടികളിലൂടെ മത്സരഗതി മാറ്റിമറിക്കാൻ കഴിവുള്ള താരം കഴിഞ്ഞ ലോകകപ്പിലും തന്റെ മികവറിയിച്ചിരുന്നു. അഫ്ഗാനിസ്താനെതിരെ ടീം തോൽവി ഉറപ്പിച്ചിരിക്കെ ക്രീസിലെത്തിയ താരം പരിക്കേറ്റ് നടക്കാനാവാത്ത സ്ഥിതിയിലെത്തിയിട്ടും പിന്മാറാതെ ഇരട്ട സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.