വിരമിച്ച സുനിൽ നരെയ്ൻ വെസ്റ്റിൻഡീസ് ടീമിൽ തിരിച്ചെത്തുമോ? ട്വന്റി 20 ലോകകപ്പിൽ കളിപ്പിക്കാൻ അവസാന നീക്കവുമായി ആന്ദ്രെ റസ്സൽ

ഐ.പി.എല്ലിൽ ബാറ്റ് കൊണ്ടും ബാൾ കൊണ്ടും തകർത്താടുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെസ്റ്റിൻഡീസുകാരൻ സുനിൽ നരെയ്ൻ. കൊൽക്കത്തയെ ഫൈനൽ വരെ എത്തിക്കുന്നതിൽ താരത്തിന്റെ പങ്ക് നിർണായകമായിരുന്നു. ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറികളും സഹിതം 37.08 ശരാശരിയിൽ 482 റൺസ് അടിച്ചുകൂട്ടിയ താരം 16 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരത്തെ വെസ്റ്റിൻഡീസ് ട്വന്റി 20 ലോകകപ്പ് ടീമിൽ എത്തിക്കാനുള്ള അവസാന ശ്രമത്തിലാണ് സഹതാരവും ഓൾറൗണ്ടറുമായ ആന്ദ്രെ റസ്സൽ. നരെയ്​നോട് ലോകകപ്പിൽ കളിക്കാൻ അവസാനമായി അപേക്ഷിച്ചെന്ന് താരം വെളിപ്പെടുത്തി. ഗൗതം ഗംഭീർ മെന്ററായി എത്തിയതാണ് നരെയ്ന് ബാറ്റിങ്ങിൽ കൂടുതൽ അവസരങ്ങൾ ഒരുക്കിയതെന്ന് റസ്സൽ പറയുന്നു.

‘സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഞാൻ അവനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഞാനും റഥർഫോഡും രണ്ടാഴ്‌ച തുടർച്ചയായി അവനോട് സംസാരിച്ചുകൊണ്ടിരുന്നു. ദയവായി ഈ ലോകകപ്പിൽ കളിക്കണമെന്നും അതിന് ശേഷം വിരമിക്കുകയോ ആഗ്രഹിക്കുന്നതെന്തും ചെയ്യുകയോ ആവാമെന്നും പറഞ്ഞിരുന്നു. അദ്ദേഹം ഒരു തീരുമാനമെടുത്തുവെന്ന് ഞാൻ കരുതുന്നു, ആ തീരുമാനത്തെ ഞാൻ മാനിക്കുന്നു. അദ്ദേഹം തീരുമാനം മാറ്റുകയാണെങ്കിൽ വെസ്റ്റിൻഡീസുകാർ മുഴുവൻ സന്തോഷിക്കും’ -റസ്സൽ സ്റ്റാർ സ്​പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നേരത്തെ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ റോവ്മാൻ പവലും സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ നരെയ്നോട് അഭ്യർഥിച്ചിരുന്നെങ്കിലും വഴങ്ങിയിരുന്നില്ല. ‘അടുത്തിടെയുള്ള എൻ്റെ പ്രകടനങ്ങൾ, വിരമിക്കൽ തീരുമാനം പിൻവലിക്കാനും വരുന്ന ട്വന്റി 20 ലോകകപ്പിൽ കളിക്കാനുമുള്ള ആവ​ശ്യം പരസ്യമായി ഉന്നയിക്കാൻ പലരെയും പ്രേരിപ്പിച്ചതിൽ ഞാൻ ശരിക്കും ആഹ്ലാദിക്കുന്നു. എന്റെ തീരുമാനത്തിൽ ഞാൻ തൃപ്തനാണ്. ആ വാതിൽ ഇപ്പോൾ അടച്ചിരിക്കുകയാണ്. വെസ്റ്റിൻഡീസിനായി കളത്തിലിറങ്ങുന്നവർക്ക് എന്റെ പിന്തുണയുണ്ടാകും. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു’ -എന്നിങ്ങനെയായിരുന്നു തിരിച്ചുവരാനുള്ള ആവശ്യത്തോടുള്ള നരെയ്ന്റെ പ്രതികരണം.

ഐ.പി.എല്ലിലെ മുൻ സീസണുകളിൽ ബാറ്റിങ്ങിൽ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതിരുന്ന നരെയ്ൻ ഇത്തവണ ഓപണറായെത്തിയാണ് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്തത്. 2023ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച നരെയ്ൻ 2019ലാണ് ദേശീയ ടീമിനായി അവസാന ട്വന്റി 20 കളിച്ചത്.   

Tags:    
News Summary - Will retired Sunil Narine return to the West Indies World Cup team? Andre Russell makes last move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.